വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടോയെന്ന് ഉറപ്പില്ലെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ പരിപാടിയിൽ സംസാരിക്കവെയാണ് സെലെൻസ്‌കിയുടെ പരാമർശം.എന്തിനെക്കുറിച്ചാണ്, എന്താണ് സംസാരിക്കേണ്ടതെന്നും ആരോടാണ് സംസാരിക്കേണ്ടതെന്നും എനിക്കറിയില്ല. റഷ്യയുടെ പ്രസിഡന്റ് ജീവിച്ചിരിപ്പുണ്ടോ? റഷ്യ നിലനിൽക്കുന്നുണ്ടോ, ചിലപ്പോൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹം തന്നെയാണോ എന്ന് ഉറപ്പില്ലെന്നും സെലെൻസ്‌കി പറഞ്ഞു. റഷ്യൻ പ്രസിഡന്റ് തന്നെയാണോ തീരുമാനം എടുക്കുന്നത്. അതോ മറ്റാരെങ്കിലുമാണോ തീരുമാനം എടുക്കുന്നത്. ആരോടാണ് സമാധാന ചർച്ചകൾ നടത്തേണ്ടതെന്നും അറിയില്ലെന്ന് അദ്ദേഹം അറിയിച്ചു.
സെലെൻസ്‌കിയുടെ പരാമർശം വന്ന് അൽപ്പസമയത്തിനുള്ളിൽ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മറുപടിയുമായി രംഗത്തെത്തി. റഷ്യയോ പുട്ടിനോ നിലനിൽക്കുന്നില്ലെന്ന പരാമർശം കൗശലപരമാണെന്നും അധികം വെെകാതെ റഷ്യ നിലനിൽക്കുന്നുവെന്നും നിലനിൽക്കുമെന്നും അദ്ദേഹം മനസിലാക്കുമെന്നും പെസ്കോവ് പറഞ്ഞു.