വിജിലൻസ് പരിശോധന മൂന്നുദിവസം പിന്നിടുന്നു

കോന്നി: ചൈനാമുക്ക്-ളാക്കൂർ-മല്ലശ്ശേരി റോഡിലെ വിജിലൻസ് പരിശോധന മൂന്നുദിവസം പിന്നിടുന്നു. വ്യാഴാഴ്ച രാവിലെ മല്ലശ്ശേരിമുക്ക് ജങ്ഷനിൽനിന്നാണ് പരിശോധന ആരംഭിച്ചത്. റോഡിലെ ഓരോ ചെയിനുകൾ കണ്ടത്തി അതിന്‍റെ ഓരോഭാഗം കുഴിച്ച് ടാറിങ്ങിന്‍റെ ഗുണനിലവാരം പരിശോധിച്ചു. കരാറിൽ പറയുന്ന രീതിയിൽ ടാറിങ് നടന്നിട്ടുണ്ടോ എന്നറിയാനാണിത്.

വിജിലൻസ് സി.ഐയുടെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. റോഡ് പണി ചെയ്ത കരാറുകാരന്‍റെ സൈറ്റ് മാനേജർ പത്തനംതിട്ട പേഴുംപാറ പുത്തൻപറമ്പിൽ പി.വി. മാത്യു മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നൽകി പരാതിയെ തുടർന്നാണ് പരിശോധന നടത്തുന്നത്.

ബിനുവിന്‍റെ ഏജന്‍റാണ് റോഡിന്‍റെ അളവെടുത്തത്. അളവ് എടുത്തയാൾ കരാറുകാരനോട് 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പത്തുലക്ഷം രൂപ കൊടുത്തിട്ടും വീണ്ടും പണം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.

എന്നാൽ, കരാറുകാരൻ ബാക്കി തുക കൊടുത്തില്ല. ഈ നിർമാണത്തിൽ റിവേഴ്‌സ് എസ്റ്റിമേറ്റിൽ ബിൽ പാസാക്കി നിർമാണം നടത്താതെ എം ബുക്കിൽ എഴുതി ബില്ലുമാറി സർക്കാറിന് ലക്ഷങ്ങൾ നഷ്ട്ടമുണ്ടാക്കിയതായും പരാതിയിൽ പറയുന്നു. പരിശോധന ഇന്നും തുടരും.

Leave A Reply