തൃശ്ശൂര്‍: വിയ്യൂർ സെൻട്രൽ ജയിലിൽ ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ രണ്ടു തടവുകാരെ മർദ്ദിച്ചതായി പരാതി. സിനീഷ് കണ്ണൻ, പ്രതീഷ് എന്നീ തടവുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊലക്കേസിൽ പ്രതികളായ സിനീഷ് കണ്ണൻ, പ്രതീഷ് എന്നിവർ വിയ്യൂർ സെൻട്രൽ ജയിലിലെ വിചാരണത്തടവുകാരാണ് . കഴിഞ്ഞ ഞായറാഴ്ച ജയിലിൽ വച്ച് മറ്റ് ചില പ്രതികളുമായി ഇവർ വാക്കുതർക്കത്തിലായെന്നും അത് കയ്യേറ്റത്തില്‍ അവസാനിച്ചെന്നുമാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം. ഇതിന് ശേഷം ഇരുവരെയും ജയിലധികൃതർ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് ഇരുവരും ബന്ധുക്കളോട് പറഞ്ഞു. വിവരമറിഞ്ഞെത്തിയപ്പോൾ ഇരുവരെയും പരിക്കേറ്റ നിലയിലാണ് കണ്ടതെന്ന് ഇവരുടെ സഹോദരന്മാർ വ്യക്തമാക്കുന്നു.
ഞായറാഴ്ച മർദ്ദനമേറ്റിട്ടും രണ്ട് ദിവസം കഴിഞ്ഞാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ ഡോക്ടറില്ലാത്തതിനാൽ വ്യാഴാഴ്ച കോഴിക്കോട്ടേക്ക് കൊണ്ടുവന്നു. തിരിച്ചു ചെന്നാൽ ഇവരുടെ ജീവന് വരെഭീഷണയുണ്ടെന്നും ബന്ധുക്കൾക്ക് ആശങ്കയുണ്ട്. തടവുകാർക്ക് മർദ്ദനമേറ്റ സംഭവത്തിൽ ജയിലധികൃതർ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.