14 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് എട്ട് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ

തിരുവനന്തപുരം: 14 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് എട്ട് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. നെട്ടയം കൃഷ്ണഭവനില്‍ ലാല്‍ പ്രകാശിനെ (29)യാണ് ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുക ഇരയ്ക്ക് നല്‍കാനും ഉത്തരവിൽ പറയുന്നു.

കേസില്‍ 26 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും 19 തൊണ്ടിമുതലുകളും ഹാജരാക്കി.

2013 മെയ് മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ഒൻപതാം ക്ലാസ്സില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതിയുടെ കൂട്ടുകാരന്റെ വീട്ടിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നത്. ഇവിടെവെച്ച് പീഡിപ്പിക്കുകയും ചെയ്തു.

കുട്ടിയെ വീട്ടുകാരുമായി ബന്ധപ്പെടാനോ പുറത്തേക്ക് പോകാനോ സമ്മതിച്ചില്ല. വീട്ടുകാര്‍ കുട്ടിയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നാലെ പേട്ട പൊലീസില്‍ പരാതി നല്‍കി. അതിനിടെ രണ്ടാഴ്ച കഴിഞ്ഞ് കുട്ടി മറ്റൊരു ഫോണില്‍ നിന്ന് അമ്മയെ വിളിച്ചു. തുടര്‍ന്ന് പേട്ട പൊലീസും വീട്ടുകാരും എത്തി കുട്ടിയെ വീട്ടില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.

Leave A Reply