കോടതിയലക്ഷ്യ ഹര്‍ജിയില്‍ പത്തനംതിട്ട കലക്ടര്‍ നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കോടതിയലക്ഷ്യ ഹര്‍ജിയില്‍ പത്തനംതിട്ട കലക്ടര്‍ നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. പത്തനംതിട്ട സ്വദേശി വര്‍ഗീസ് സി.മാത്യൂ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.വര്‍ഗീസിന്റെ പുരയിടത്തോട് ചേര്‍ന്നുള്ള വയല്‍ അനധികൃതമായി നികത്തിയതുവഴി പുരയിടത്തില്‍ വെള്ളക്കെട്ട് ഉണ്ടായി എന്നാണ് പരാതി.

ഇക്കാര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആറാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. അത് പാലിക്കാതെ വന്നതോടെയാണ് കോടതിയിലക്ഷ്യ ഹര്‍ജി നല്‍കിയത്.
ഈ മാസം 31നാണ് കലക്ടര്‍ നേരിട്ട് ഹാജരാകേണ്ടത്. 31നകം ഉത്തരവ് നടപ്പാക്കിയാല്‍ ഹാജരാകേണ്ടതില്ലെന്നും ജസ്റ്റീസ് കെ.വി കുഞ്ഞിക്കണ്ണന്‍ വ്യക്തമാക്കി.

Leave A Reply