മുംബൈ: രഞ്ജി ട്രോഫിയിൽ മിന്നും പ്രകടനം നടത്തുന്ന മുംബൈ ബാറ്റർ സർഫറാസ് ഖാനെ ദേശീയ ടീമിൽ പരിഗണിക്കാത്തതിനെതിരെ മുൻ താരം സുനിൽ ഗവാസ്കർ. മാച്ച് ഫിറ്റല്ലെന്ന കാരണം നിരത്തിയാണ് സെലക്ടർമാർ സർഫറാസിനെ പരിഗണിക്കാത്തത് എന്നാണ് വിവരം. ഇതിനെതിരെയാണ് ഗവാസ്കർ ആഞ്ഞടിച്ചത്. മെലിഞ്ഞ ആൾക്കാരെയാണ് വേണ്ടതെങ്കിൽ ഫാഷൻ ഷോയിൽ പോയി ടീം തെരഞ്ഞെടുക്കൂ എന്ന് ഗവാസ്കർ പറഞ്ഞു. ഒരാൾ അൺഫിറ്റ് ആണെങ്കിൽ അയാൾ സെഞ്ചുറി നേടില്ലെന്നും അതുകൊണ്ട് തന്നെ ക്രിക്കറ്റിൽ ഫിറ്റ്നസ് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
സെഞ്ചുറി നേടിയതിനു ശേഷവും ഫീൽഡ് ചെയ്യുന്ന താരമാണ് സർഫറാസ്. അയാൾ ക്രിക്കറ്റിനു ഫിറ്റാണെന്നാണ് ഇതൊക്കെ കാണിക്കുന്നത് എന്നും ഗവാസ്കർ പറഞ്ഞു. കഴിഞ്ഞ ഏതാനും സീസണുകളായി അവിശ്വസനീയ ഫോമിലാണ് സർഫറാസ്. കഴിഞ്ഞ മൂന്ന് ആഭ്യന്തര സീസണുകളിൽ നിന്നായി 2441 റൺസാണ് സർഫറാസ് സ്കോർ ചെയ്തിരിക്കുന്നത്.