ബ്രിട്ടീഷ് പ്രധാനമന്ത്രി സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാര്‍ യാത്ര ചെയ്യുന്ന വീഡിയോ പുറത്ത്; വ്യാപക വിമർശനം
ഇന്ത്യന്‍ വംശജനായ ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ യാത്ര ചെയ്യുന്ന വീഡിയോ ബ്രിട്ടനില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ കടുത്ത വിമർശനം ഉയർന്നു .
പിന്നാലെ സംഭവം തെറ്റാണെന്ന് പൂര്‍ണ്ണമായും അംഗീകരിക്കുന്നതായും ക്ഷമ ചോദിക്കുന്നതായും അദ്ദേഹത്തിന്‍റെ വക്താവ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. സംഭവത്തെ ‘വിധിയിലെ പിഴ’വെന്ന് പറഞ്ഞ് ഋഷി സുനക്ക് ക്ഷമാപണം നടത്തി.
ബ്രിട്ടനില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ പരമാവധി 500 പൗണ്ടാണ് പിഴ. എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു.
വടക്കന്‍ ഇംഗ്ലണ്ടിലെ ഒരു യാത്രയ്ക്കിടെയാണ് സംഭവം. സര്‍ക്കാറിന്‍റെ ഏറ്റവും പുതിയ റൗണ്ട് ‘ലെവലിംഗ് അപ്പ്’ ചെലവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വീഡിയോ നേരത്തെ സുനക്കിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.
ഏകദേശം ഒരു മിനിറ്റ് നീണ്ടുനിൽക്കുന്ന വീഡിയോയില്‍ കാർ മുന്നോട്ട് പോകുമ്പോള്‍ സുനക്ക് ക്യാമറയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. ഈ സമയം കാറിന് സമാന്തരമായി പോലീസിന്‍റെ മോട്ടോര്‍ ബൈക്കുകള്‍ അകമ്പടി പോകുന്നതും വീഡിയോയില്‍ കാണാം. ബ്രീട്ടിനില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുമ്പോള്‍ പോലീസ് പിടിച്ചാല്‍ സംഭവ സ്ഥലത്ത് വച്ച് 100 പൗണ്ട് പിഴ ഇടണം. അതല്ല കേസിന് കോടതിയില്‍ പോയാല്‍ 500 പൗണ്ട് വരെ പിഴ ഉയരാം.