കാസര്‍കോട്: സ്വന്തമായി ഒരു തരി ഭൂമി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഒരു ജനവിഭാഗത്തിന്റെ വര്‍ഷങ്ങളായുള്ള ആ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയാണ്. പനത്തടി ഗ്രാമപഞ്ചായത്തിലെ 150 ഭൂരഹിത പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് കൂടി പട്ടയം ലഭിക്കും. ഭൂസമരങ്ങളും മറ്റും അരങ്ങേറുന്ന കാലത്താണ് ഏറെ ആശ്വാസമാകുന്ന സര്‍ക്കാര്‍ നടപടി.
പനത്തടി ഗ്രാമപഞ്ചായത്തിലെ ചാമുണ്ഡിക്കുന്നിലാണ് കൈമാറാനുള്ള ഭൂമി കണ്ടെത്തിയിരിക്കുന്നത്. ഇവിടെ വനം വകുപ്പ് വിട്ടുനല്‍കിയ 75 ഏക്കറോളം ഭൂമിയിലെ 50 സെന്റാണ് പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നുത്. പട്ടയം നല്‍കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ അനുവദിക്കുന്ന ഭൂമി കാണാന്‍ അവര്‍ ചാമുണ്ഡിക്കുന്നിലെത്തി. വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി.മുരളി, പരപ്പ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ഹെരാള്‍ഡ് ജോണ്‍, സര്‍വേ, വനം വകുപ്പ് അടക്കമുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി കണ്‍മുന്നില്‍ കണ്ട സന്തോഷത്തില്‍ അവര്‍ മടങ്ങി.