‘ബി അവെയര്‍’ ബഹ്റൈന്‍ മൊബൈല്‍ ആപ്പില്‍ ഇനി കൂടുതല്‍ സേവനങ്ങള്‍

നാമ: ബി അവെയര്‍ ബഹ്റൈന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി സി.ഇ.ഒ മുഹമ്മദ് അലി അല്‍ ഖാഇദ് ആണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് 19 സംബന്ധിച്ച സേവനങ്ങള്‍ക്കായി ആരംഭിച്ച ആപ്ലിക്കേഷനിൽ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം മധ്യത്തോടെ പുറത്തിറക്കും. ഇന്ത്യയിലെ ഡിജിലോക്കര്‍ പോലെ ഡിജിറ്റല്‍ രേഖകള്‍ മൊബൈല്‍ ആപ്പില്‍ സൂക്ഷിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇതുവഴി യാഥാര്‍ഥ്യമാവുക.

ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ജനനസര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ (മൈ കാര്‍ഡ്) തുടങ്ങിയ ഡിജിറ്റല്‍ രേഖകള്‍ ബി അവെയര്‍ ബഹ്റൈന്‍ ആപ്പില്‍ ലഭ്യമാക്കും.

ആപ്പിലെ ഡിജിറ്റല്‍ രേഖകള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ അംഗീകരിക്കും. കോപ്പിയിലുള്ള ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റിന്റെ സാധുത സ്ഥിരീകരിക്കാം. മൈ ഹെല്‍ത്ത് കാര്‍ഡ്സ്, മൈ മെഡിക്കല്‍ അപ്പോയിന്‍മെന്റ്സ് എന്നീ ഫീച്ചറുകളും ഉള്‍പ്പെടുത്തും. മൈ ഹെല്‍ത്ത് കാര്‍ഡ്സ് എന്ന ഫീച്ചറില്‍ കോവിഡ്-19 വാക്സിനേഷന്‍ വിവരങ്ങളും മറ്റും ഉണ്ടാകും.

 

Leave A Reply