പനമരം : നടവയൽ നെയ്ക്കുപ്പയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാന വ്യാപകമായി കൃഷിനശിപ്പിച്ചു. നടവയൽ നെയ്ക്കുപ്പ ചെഞ്ചടി ശശിയുടെ കൃഷിയിടത്തിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ കാട്ടാനയിറങ്ങിയത്. തെങ്ങും വാഴയുമെല്ലാം ചവിട്ടിമറിച്ചിട്ടു. വീട്ടിലേക്കുള്ള വൈദ്യുതത്തൂണും തകർത്തിട്ടു. അർധരാത്രി രണ്ടുമണിയോടെ ശബ്ദംകേട്ട് ശശി പുറത്തിറങ്ങി നോക്കിയെങ്കിലും കാട്ടാനയെ കണ്ടിരുന്നില്ല. വെളുപ്പിന് നാലുമണിയോടെ വീണ്ടും ശബ്ദംകേട്ടെത്തിയപ്പോഴാണ് വൈദ്യുതത്തൂൺ ഉൾപ്പെടെ തകർത്തത് കാണുന്നത്.
നെയ്ക്കുപ്പയിൽ ഒരിടവേളയ്ക്കുശേഷം കാട്ടാനശല്യം രൂക്ഷമാവുകയാണ്. അടുത്തിടെ കാട്ടാനകൾ ഇവിടേക്ക് പതിവായെത്തുന്നതായി നാട്ടുകാർ പറയുന്നു.