വടക്കഞ്ചേരി: കർഷകർക്കാശ്വാസമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ റബ്ബറിനെയും ഉൾപ്പെടുത്തിയേക്കും. പ്രധാനമന്ത്രി ഫസൽബീമാ യോജനയുടെ കീഴിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾചേർന്ന് രൂപവത്കരിച്ചിട്ടുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇപ്പോഴുള്ള പദ്ധതിയുടെ കാലാവധി 2023 മാർച്ചിൽ അവസാനിക്കും. ഏപ്രിലിൽ ഇറങ്ങുന്ന പുതിയ വിജ്ഞാപനത്തിൽ റബ്ബർ ഉൾപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൃഷിവകുപ്പിലും റബ്ബർബോർഡിലും ചർച്ചകളും പഠനങ്ങളും പുരോഗമിക്കുന്നുണ്ട്. നടപ്പായാൽ റബ്ബർവിലയിടിവിൽ വിഷമിക്കുന്ന, കേരളത്തിലെ എട്ട് ലക്ഷത്തോളം റബ്ബർകർഷകർക്ക് വലിയ ആശ്വാസമാകും.