തിരുവനന്തപുരം: കമ്മീഷന്‍ ആവശ്യപ്പെട്ട് സിപിഐയുടെ റേഷന്‍ വ്യാപാരികളുടെ സംഘടന പ്രതിഷേധത്തിനൊരുങ്ങുന്നു. കമ്മീഷന്‍ പണം ലഭിക്കാതെ റേഷന്‍ ധാന്യങ്ങളുടെ പണം അടയ്ക്കരുതെന്ന് കേരള റേഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍ നിര്‍ദേശം നല്‍കി. താലൂക്ക് സപ്ലൈയര്‍ ഓഫിസര്‍ ആവശ്യപ്പെട്ടാലും പണം അടയ്ക്കരുതെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്. ഇത് സമരത്തിന്റെ ഭാഗമാണെന്നും കേരള റേഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍ പറയുന്നു.
ഓരോ താലൂക്കിലും ഡിസംബര്‍ മാസം കമ്മീഷന്‍ കിട്ടാതെ പണം അടയ്ക്കില്ല എന്ന കര്‍ശനമായ നിലപാട് സ്വീകരിക്കണമെന്നാണ് കേരള റേഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍ നല്‍കിയിരിക്കുന്ന ശബ്ദ സന്ദേശം. കേരള റേഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയായ പ്രിയന്‍ കുമാര്‍ റേഷന്‍ വ്യാപാരികള്‍ക്ക് അയച്ച ശബ്ദ സന്ദേശം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
സിപിഐയുടെ മന്ത്രിയായ ജി ആര്‍ അനില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് ഭരിക്കുമ്പോള്‍ സിപിഐയുടെ തന്നെ റേഷന്‍ വ്യാപാരികളുടെ സംഘടന പ്രതിഷേധത്തിലേക്ക് നീങ്ങുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഒരു സമരത്തിലേക്കാണ് തങ്ങള്‍ നീങ്ങുന്നതെന്നും കേരള റേഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രിയന്‍ കുമാര്‍ ശബ്ദ സന്ദേശത്തിൽ പറയുന്നു.