അബുദാബിയിൽ പുതുതായി പ്ലാസ്റ്റിക് പുനരുത്പാദന പ്ലാന്റ് സ്ഥാപിക്കുന്നു

അബുദാബിയിൽ പുതുതായി പ്ലാസ്റ്റിക് പുനരുത്പാദന പ്ലാന്റ് സ്ഥാപിക്കുന്നു.റിപ്പീറ്റ്, ബീആ, ഗ്രൂപ്പ്, അഗ്തിയ എന്നിവ ഉൾപ്പെടുന്ന പുതിയ പദ്ധതിയുടെ സാധ്യതാ പഠനത്തിനായുള്ള ധാരണാപത്രം അബുദാബി സുസ്ഥിര വാരാചരണത്തിന്റെ ഭാഗമായാണ് ഒപ്പുവച്ചത്. യു.എ.ഇ. സ്വതന്ത്ര കാലാവസ്ഥാ വ്യതിയാന ത്വരപ്പെടുത്തൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശൈഖ ഷമ്മ ബിൻത് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ, വ്യവസായ നൂതന സാങ്കേതിക വകുപ്പ് മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽമെഹ്രി എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

40,000 ചതുരശ്ര വിസ്തീർണത്തിൽ നിർമിക്കുന്ന പ്ലാന്റിലൂടെ 100 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കൂടാതെ പുതിയ പ്ലാന്റ് യാഥാർഥ്യമാകുന്നതോടെ പ്രതിവർഷം 18,000 മെട്രിക് ടൺ കാർബൺ വികിരണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. വ്യവസായ മേഖലയിൽ സുസ്ഥിരത കൈവരിക്കാനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത പ്രതിഫലിക്കുന്നതാണ് പദ്ധതി. മലിനീകരണം കുറയ്ക്കുന്നതിനും പുനരുപയോഗം ചെയ്ത പ്ലാസ്റ്റിക് വസ്തുക്കളുടെ കയറ്റുമതി പ്രോത്സാഹിക്കാനുമുള്ള യു.എ.ഇ.യുടെ ശ്രമങ്ങൾക്കനുസൃതമാണ് പുതിയ തീരുമാനം.
Leave A Reply