കയ്പമംഗലം∙ മത്തിക്കോളടിച്ചതിന്റെ ആഹ്ലാദത്തിലാണ് കമ്പനിക്കടവ് കടപ്പുറത്തെ വള്ളക്കാർ. മാസങ്ങളായി പണി ഇല്ലാതിരുന്ന മത്സ്യത്തൊഴിലാളികൾക്ക് മത്തി മാത്രമല്ല അയലയും സുലഭമായി കിട്ടി. സമീപ കടവുകളിൽ നിന്നുള്ള വിപണനത്തിന് കൊണ്ടുവരുന്നത് കമ്പനിക്കടവിലേക്കാണ്. കിലോയ്ക്ക് 50–60 രൂപയ്ക്കാണ് മത്തി വിൽക്കുന്നത്. വിലയിലെ ഇടിവു മൂലം പ്രതീക്ഷിച്ച നേട്ടമില്ലെന്ന് തൊഴിലാളികൾ പറയുന്നു.
അതേസമയം മീൻ കൂടുതൽ ലഭിച്ച വള്ളക്കാർക്ക് കൊയ്ത്തുകാലമാണ്. ചെറുതും വലുതുമായ നൂറുകണക്കിന് വള്ളങ്ങളാണ് മീൻപിടിക്കാൻ പോകുന്നത്. മണ്ണെണ്ണ ക്ഷാമമാണ് പ്രധാന തടസ്സം.മത്തി കൂടുതൽ കിട്ടിത്തുടങ്ങിയതോടെ മേഖലയിലെ ചന്തകളിലേക്ക് അയൽ സംസ്ഥാനങ്ങളിൽനിന്നു മീൻ വരുന്നതു കുറഞ്ഞിട്ടുണ്ട്.