ആറ്റിങ്ങൽ: വിദേശത്തേക്ക് കടന്ന വധശ്രമക്കേസിലെ പ്രതി രണ്ടുവര്‍ഷത്തിനു ശേഷം പോലീസ് പിടിയിൽ. കൊല്ലം മയ്യനാട് സ്വദേശി ഫെബിന് ഫെര്മിന്ആണ്(28) നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായത്. 2020 ഫെബ്രുവരി 22ന് മുട്ടപ്പലം സ്വദേശി വിനോദിനെ വീട്ടില്‍ കയറി തലക്കടിക്കുകയും കാർ തകര്‍ക്കുകയും ചെയ്ത സംഭവത്തിലെ രണ്ടാം പ്രതിയാണ് ഇയാൾ. പ്രതി വിദേശത്തേക്ക് കടന്നത് മനസ്സിലാക്കി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് വന്ന ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയായിരുന്നു.
ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ ശാലു ഡി.ജെ, ജൂനിയർ സബ്ഇൻസ്പെക്ടർ ശ്രീജിത്ത് ബി, സി.പി.ഒ നൂറുൽ അമീൻ, സി.ഒ ബിനു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വസ്തുതര്‍ക്കത്തെ തുടര്‍ന്ന് വിനോദിനെ വധിക്കാൻ ബന്ധുവായ സജിന്‍ നല്കിയ ക്വട്ടേഷന്‍ സംഘത്തിലെ അംഗമായിരുന്നു പ്രതി. മറ്റു പ്രതികളായ സജിൻ, ജിയോ, ഷാനു എന്നിവരെ നേരത്തേ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.