മൂന്ന് കാപ്സ്യൂളുകളായി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 570 ഗ്രാം സ്വര്‍ണം പിടികൂടി

 

 

കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് കാപ്സ്യൂളുകളായി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 570 ഗ്രാം സ്വര്‍ണം പിടികൂടി. വെള്ളിയാഴ്ച ദുബായിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റഫീഖി (30) ൽ നിന്നാണ് സ്വർണം പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റഫീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ റഫീഖ് വിസമ്മതിച്ചു. തുടർന്ന് റഫീഖിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യപരിശോധന നടത്തുകയായിരുന്നു. എക്സറേ പരിശോധനയില്‍ റഫീഖിന്റെ വയറിനകത്ത് സ്വര്‍ണമിശ്രിതമടങ്ങിയ മൂന്ന് കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.

സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിന് പുറത്ത് ആളുകള്‍ കാത്തുനില്‍ക്കുമെന്നായിരുന്നു റഫീഖിനെ ദുബായില്‍ നിന്നും സ്വര്‍ണ്ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്. റഫീഖിനെ വിശദമായി ചോദ്യംചെയ്ത് വരികയാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടുന്ന 76-ാമത്തെ സ്വർണക്കടത്ത് കേസാണിത്.

 

Leave A Reply