ജിഷാ കൊലക്കേസ്; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് ജയിൽമാറ്റം നൽകാനാവില്ലെന്ന് സുപ്രീം കോടതി

ദില്ലി: പെരുമ്പാവൂർ ജിഷാ കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് ജയിൽമാറ്റം നൽകാനാവില്ലെന്ന് സുപ്രീം കോടതി. അമീറുളിന്‍റെ ഹര്‍ജി ഡിസംബര്‍ അഞ്ചിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

കേസിലെ പ്രതി അമീറുള്‍ ഇസ്‌ലാമിനെ നിലവിലെ ജയില്‍ചട്ട പ്രകാരം അസമിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജയില്‍മാറ്റം ആവശ്യമാണെങ്കില്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ 2014 -ലെ ചട്ടങ്ങള്‍ കൂടി ഹര്‍ജിയില്‍ ചോദ്യം ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

വധശിക്ഷയ്ക്ക് എതിരായ അപ്പീല്‍, കോടതിയുടെ പരിഗണനയില്‍ ആണെങ്കില്‍ അവരെയും മറ്റൊരു ജയിലിലേക്ക് മാറ്റാന്‍ കഴിയില്ലെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകള്‍ നിലനില്‍ക്കെ അസമിലേക്ക് മാറ്റണമെന്ന പ്രതിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.  2014-ലെ ജയില്‍ ചട്ടത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ജയില്‍മാറ്റം അനുവദിക്കാനാകില്ലെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.

കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അമീറുള്‍ ഇസ്‌ലാം സുപ്രീം കോടതിയെ സമീപിച്ചത്. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.

Leave A Reply