നേപ്പാൾ അതിർത്തിയിൽ ചൈനീസ് കൈയേറ്റം നടന്നതായി റിപ്പോർട്ടുകൾ

കാഠ്മണ്ഡു : നേപ്പാളിന്റെ വടക്കൻ അതിർത്തിയിൽ ചൈനീസ് കയ്യേറ്റമെന്ന് റിപ്പോർട്ട്. ചൈനയുമായി നേപ്പാൾ അതിർത്തി പങ്കിടുന്ന പത്തോളം സ്ഥലങ്ങളിൽ കൈയേറ്റമുണ്ടായെന്ന് നേപ്പാൾ കൃഷി മന്ത്രാലയം കണ്ടെത്തി. ഇവിടെ 36 ഹെക്ടർ പ്രദേശം ചൈന കയ്യേറി. അതിർത്തി ഗ്രാമങ്ങളിലെ കർഷകർക്ക് ഇവിടെ പ്രവേശിക്കുന്നതിൽ നിന്നും ചൈന വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

നേപ്പാൾ സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയവും സമാനമായ ആശങ്ക പങ്കുവച്ചിട്ടുള്ളതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നേപ്പാളിന്റെ പടിഞ്ഞാറൻ മേഖലയായ ഹംലയിൽ അതിർത്തി പോസ്റ്റിന് സമീപം ചൈന കനാലുകളും റോഡുകളും നിർമ്മിക്കാൻ തുടങ്ങി. 2016ൽ നേപ്പാളി ജില്ലയിൽ ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി മൃഗസംരക്ഷണത്തിനായി ഒരു വെറ്റിനറി സെന്റർ സ്ഥാപിച്ചിരുന്നു. നേപ്പാളിന് തൊട്ടടുത്തുള്ള ചൈനീസ് അതിർത്തിയായ ലാലുങ്‌സോങ് അതിർത്തി മേഖലയിൽ ചൈന ‘നിരീക്ഷണ പ്രവർത്തനങ്ങൾ’ നടത്തുന്നുമുണ്ട്. ഈ മേഖലയിൽ നേപ്പാളിലെ കർഷകർക്ക് കന്നുകാലികളെ മേയാൻ വിടുന്നതിന് ചൈന നിരോധനം ഏർപ്പെടുത്തി. ഇവിടെയുള്ള ആരാധനാലയങ്ങളിൽ പ്രാർത്ഥനകൾ നടത്താനും വിലക്ക് ഉണ്ട്.

Leave A Reply