ആനയെ മാറ്റിക്കെട്ടിയതിലെ തര്‍ക്കം; മൂന്നാറിൽ ആനസവാരി കേന്ദ്രം ജീവനക്കാരൻ കുത്തേറ്റ്​ മരിച്ചു

മൂന്നാര്‍: ഇടുക്കി ജില്ലയിലെ മൂന്നാറിലുള്ള ആനസവാരി കേന്ദ്രത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ജീവനക്കാരനായ തൃശൂര്‍ സ്വദേശി ബിമല്‍ ആണ് കൊല്ലപ്പെട്ടത്. 32 വയസായിരുന്നു. ആനയെ മാറ്റിക്കെട്ടിയതിലെ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനായ മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് ബിമലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു . കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആനയെ പരിപാലിക്കുന്നതിനെ ചൊല്ലി ഇരുവരും തര്‍ക്കം ഉടലെടുത്തിരുന്നു. ഇന്നലെ ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. വഴക്ക് അക്രമാസക്തമായതോടെ ബിമലിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് മണികണ്ഠന്‍ പോലീസില്‍ മൊഴി നല്‍കി.

സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടത്താന്‍ മണികണ്ഠനെ ആരെങ്കിലും സഹായിച്ചുട്ടുണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നു. ബിമലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

Leave A Reply