മംഗലശ്ശേരി നീലകണ്ഠൻ മസാല അട മുതൽ താരാദാസ് പഫ്‌സ് വരെ; താരത്തിളക്കത്തിൽ മധുര പലഹാരങ്ങൾ

തൃശൂർ: മംഗലശ്ശേരി നീലകണ്ഠൻ മസാല അട മുതൽ താരാദാസ് പഫ്‌സ് വരെ. ഇരിങ്ങാലക്കുടയിൽ പുരോഗമിക്കുന്ന റവന്യൂ സ്കൂൾ കലോത്സവത്തിലെ മധുര പലഹാരങ്ങൾക്ക് പോലും താരത്തിളക്കം. കലോത്സവത്തിലെ പ്രധാന വേദികളിൽ ഒന്നായ ഇരിങ്ങാലക്കുട ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എൻഎസ്എസ് വളണ്ടിയർമാർ നടത്തുന്ന “ഒരു കുളിര്” എന്ന സ്നാക്സ് സ്റ്റാളിലാണ് താര പൊലിമയോടെ മധുര പലഹാരങ്ങൾ അണിനിരന്നത്.

കീരിക്കാടൻ ജോസ് സവാളവട, ചിത്രഗുപ്തൻ പരിപ്പുവട, ഹിറ്റ്ലർ മാധവൻകുട്ടി കപ്പലണ്ടി മിട്ടായി തുടങ്ങി കൗതുകമൂറുന്ന പേരുകളോടെയാണ് മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നത്. ഹിറ്റ് സിനിമ കഥാപാത്രങ്ങളുടെ പേരുകൾ നിറഞ്ഞതോടെ കലോത്സവം കാണാനെത്തിയവർക്കും കൗതുകമായി.

ഭാസിയായ കുടിവെള്ളവും പാവം ക്രൂരനായ ചുക്ക് കാപ്പിയും, തൊരപ്പൻ ഉഴുന്നുവടയും ഗുണശേഖരനായ ഉണ്ണിയപ്പവുമെല്ലാം പട്ടികയിലെ ഒന്നാം നമ്പറുകാരാണ്.പൊരിവെയിലിൽ പരവേശമകറ്റാനും വിശപ്പടക്കാനും പെൺകുരുന്നുകൾ നടത്തുന്ന സ്നാക്ക്സ് സ്റ്റാളിനെ തേടിയെത്തുന്നവർ ഏറെയാണ്. സ്റ്റാളിൽ നിന്ന് ലഭിക്കുന്ന വരുമാനം സ്കൂളിലെ എൻഎസ്എസ് പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് കുട്ടികൾ ഉദ്ദേശിക്കുന്നത്.

Leave A Reply