ഷാർജ : ബാങ്ക് ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളുകളുടെ അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുത്ത അഞ്ചുപേരെ പോലീസ് പിടികൂടി.
അക്കൗണ്ട് പുതുക്കിയില്ലെങ്കിൽ മരവിപ്പിക്കുമെന്ന് പറഞ്ഞാണ് ഇവർ ആളുകളെ ഫോണിൽബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞതെന്ന് ഷാർജ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി.) ഡയറക്ടർ കേണൽ ഒമർ അഹമ്മദ് ബൽസോദ് പറഞ്ഞു. സമാനതട്ടിപ്പിനെക്കുറിച്ച് ഒട്ടേറെപേർ പരാതിപ്പെട്ടിരുന്നു.
പോലീസിന്റെ അന്വേഷണത്തിൽ തട്ടിപ്പുസംഘത്തിന്റെ താമസസ്ഥലം കണ്ടെത്തുകയും പരിശോധന നടത്തുകയും ചെയ്തു. തട്ടിപ്പിനായി ഇവർ ഉപയോഗിച്ചിരുന്ന ഒട്ടേറേ ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവയും പോലീസ് കണ്ടെടുക്കുകയും ചെയ്തു.