വണ്ടൂർ മണ്ഡലത്തിലെ മരാമത്ത് ജോലികൾ വേഗത്തിലാക്കും

വണ്ടൂർ : സംസ്ഥാനപാതയിലെ അമ്പലപ്പടി, താടിവളവ് ഭാഗങ്ങളിൽ വീതികൂട്ടുന്നതുൾപ്പെടെ നിയോജക മണ്ഡലത്തിൽ പിഡബ്ല്യുഡി നടത്തുന്ന ജോലികൾ സമയത്തിനു പൂർത്തിയാക്കാൻ എ.പി.അനിൽകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം. ഈ രണ്ടു പണികളുടെയും ടെൻഡർ പൂർത്തിയായി.

വണ്ടൂർ-മഞ്ചേരി റോ‍ഡിൽ ബജറ്റിൽ ഉൾപ്പെടുത്തി നടക്കുന്ന ജോലികൾ കൃത്യസമയത്തു പൂർത്തിയാക്കാൻ കരാറുകാർക്കു നോട്ടിസ് നൽകാൻ നിർദേശിച്ചു. ഈ പാതയിൽ എളങ്കൂർ റോഡ് തിരിയുന്ന ഭാഗത്ത് ജംക്‌ഷൻ‍ വീതി കൂട്ടും.സംസ്ഥാനപാതയിൽ ചെറുകോട് അങ്ങാടിയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാനുള്ള ജോലിക്ക് എസ്റ്റിമേറ്റ് സമർപ്പിച്ചു. മുണ്ടേങ്ങര–പുള്ളിപ്പാടം– ഓടായിക്കൽ റോഡ്, വാണിയമ്പലം– താളിയംകുണ്ട്– പൂളമണ്ണ റോഡ് എന്നിവയുടെ കിഫ്ബി ഏറ്റെടുത്തു നടത്തുന്ന ജോലി ഉടൻ ആരംഭിക്കുമെന്നു കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.

വണ്ടൂർ അങ്ങാടിയിൽ‍ കാളികാവ് റോ‍ഡിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു തുക അനുവദിച്ചു നടക്കുന്ന നവീകരണം വേഗത്തിലാക്കാൻ നിർദേശം നൽകി. യോഗത്തിൽ പിഡബ്ല്യുഡി എക്സിക്യൂട്ടിവ് എൻജിനീയർ വി.എസ്.മനീഷ, കെആർഎഫ്ബി അസി. എക്സി. എൻജിനീയർ സി.വിനോദ്, അസി. എൻജിനീയർമാരായ സി.അനീഷ്, എം.ടി.ബഷീർ അഹമ്മദ്, ടി.സബീർ, എം.സലീം, നാറ്റ്പാക് സയന്റിസ്റ്റ് ചന്ദ്ര പ്രതാപ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Leave A Reply