തടഞ്ഞിട്ട ലോറികൾക്ക് കാവലൊരുക്കി തൊഴിലാളികൾ

അതിരപ്പിള്ളി : ആദിവാസി കയറ്റിറക്കു തൊഴിലാളികൾ തടഞ്ഞിട്ട ലോറികൾ പൊലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ തർക്കം പരിഹരിച്ച് വിട്ടയച്ചു. ഊഴം തെറ്റി തടി കയറ്റിയതുമായി ബന്ധപ്പെട്ട് 2 ലോറികളാണ് ചൊവ്വ പകൽ തൊഴിലാളികൾ തടഞ്ഞത്. പഞ്ചായത്തിനു പുറത്തു നിന്നുള്ള തൊഴിലാളികൾക്ക് കൂലി കൂടുതലുള്ള ലോഡ് നൽകുന്നതായും ഇവർ ആരോപിച്ചു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആദിവാസി തൊഴിലാളികളുടെ പണി നഷ്ടപ്പെടുത്തി തടി കയറ്റാൻ എത്തുന്നവരിൽ ഭൂരിഭാഗം പേരും കച്ചവടക്കാരും സമ്പന്നരുമാണെന്ന് ഇക്കൂട്ടർ പറയുന്നു. ആന ഇറങ്ങുന്ന മേഖലയിൽ തടഞ്ഞിട്ട വാഹനങ്ങൾക്കു രാത്രിയിൽ ആദിവാസി തൊഴിലാളികൾ സംരക്ഷണമൊരുക്കി.

പഞ്ചായത്തിലെ ഷോളയാർ മേഖലയിൽ താമസിക്കുന്ന ആദിവാസി തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ച് പുറമേ നിന്നുള്ളവർക്ക് തൊഴിൽ നൽകുന്നത് നിറുത്തലാക്കണമെന്ന് ആദിവാസികൾ ആവശ്യപ്പെട്ടു. ആദിവാസി തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കാതെ ലേലം കൊണ്ട തടി നീക്കം ചെയ്യാൻ അനുവദിക്കില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.

Leave A Reply