കെ എസ് ആർ ടി സി ഡ്രൈവർക്ക് മർദ്ദനം; പ്രതികൾ അറസ്റ്റിൽ

തിരുവല്ല: സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുമ്പോൾ പിന്നാലെയെത്തി കാർ ബസ്സിന്‌ കുറുക്കിട്ട ശേഷം ഡ്രൈവറെ മർദ്ദിച്ച പ്രതികളെ കീഴ്‌വായ്‌പ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാർ യാത്രികരായ കോട്ടയം മീനച്ചിൽ പാല മുത്തോലി തോപ്പിൽ വീട്ടിൽ ചാക്കോയുടെ മകൻ ജോയിച്ചൻ ടി സി (47), തോമസ് ടി ചാക്കോ (52) എന്നിവരാണ്‌ പിടിയിലായ പ്രതികൾ. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3.30 ന് മല്ലപ്പള്ളി മടുക്കോലി ബസ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുമ്പോഴാണ് കെ എസ് ആർ ടി സി ഡ്രൈവർക്ക് മർദ്ദനമേറ്റത്.

ബസ് ഡ്രൈവർ മല്ലപ്പള്ളി മങ്കുഴിപ്പടി ഈട്ടിക്കൽ വീട്ടിൽ ജോൺസൺ ഇ ജെ (53)യ്ക്കാണ് മർദ്ദനമേറ്റത്. കാർ ബസ്സിന്‌ കുറുക്കുവച്ച് പുറത്തിറങ്ങിയ ഇരുവരും ചേർന്ന് സീറ്റിൽ നിന്നും വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു . ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി. ഡ്രൈവർ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്‍റെ മേൽനോട്ടത്തിൽ എസ് ഐ ജയമോന്‍റെ സംഘമാണ് അന്വേഷണം നടത്തി വരുന്നത്.

പ്രതികൾ സഞ്ചരിച്ച കാറിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, പ്രതികളെ ബുധനാഴ്ച്ച പാലായിലുള്ള വീടിന് സമീപത്തുള്ള മുത്തോലിയിൽ കാറിൽ യാത്ര ചെയ്തു വരുന്നതായി കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave A Reply