കത്ത് വ്യാജമെന്ന് ആവർത്തനം; വീണ്ടും ആര്യ രാജേന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കത്തു വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ഓഫീസിലെ ജീവനക്കാരുടെയും മൊഴിയെടുത്തു. വിശദ അന്വേഷണത്തിന്‍റെ ഭാഗമായായിരുന്നു മൊഴിയെടുക്കല്‍.

കത്തെഴുതാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും ലെറ്റര്‍ പാഡ് ദുരൂപയോഗം ചെയ്തതാണെന്നും ആര്യ ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും മേയറുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. കത്ത് തയ്യാറാക്കിയിട്ടില്ലെന്നാണ് ജീവനക്കാരുടെയും മൊഴി.

മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച് നടത്തി. കോര്‍പ്പറേഷന്‍ മതില്‍ക്കെട്ട് ചാടികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. 3 തവണ ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സമരപന്തലില്‍ കേന്ദ്രമന്ത്രി വി മുരളീധരനും. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ സമരത്തില്‍ ശശി തരൂര്‍ എം പിയും പങ്കെടുത്തു. മേയര്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത് എന്നും ജനങ്ങളെ വഞ്ചിക്കുകയാണെന്നും ശശി തരൂര്‍ പറഞ്ഞു.

Leave A Reply