കോടതി ചിലവെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയ പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ട : ചാലിയേക്കര ഉപ്പുകുഴി തിരുവിതാംകൂർ ഭഗവതി ക്ഷേത്രം വകയായ സ്ഥലത്തിന്‍റെ കുടികിടപ്പവകാശം കേസ് നടത്തി നേടുന്നതിന് കോടതിയിൽ വേണ്ടിവരുന്ന ചെലവിനെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ രണ്ടുപേരെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു. വി കോട്ടയം വെള്ളപ്പാറ സന്തോഷ്‌ ഭവനം വീട്ടിൽ സന്തോഷ്‌ കുമാറിന്‍റെ ഭാര്യ രമ കെ (44), കോന്നി താഴം ചെങ്ങറ ചരുവിള വീട്ടിൽ നിന്നും കുമ്പഴ ചരിവുപറമ്പിൽ വീട്ടിൽ താമസിക്കുന്ന സജു സി എസ് (44) എന്നിവരെയാണ് പികൂടിയത്.

കുടികിടപ്പവകാശവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായി കേസ് നിലവിലുണ്ട്. വസ്‌തു 230 കോടിയോളം വിലവരുന്നതാണെന്നും, ഈ കേസ് നടത്തുന്നതിന് കോടതിച്ചെലവിനായി പണം നൽകിയാൽ ബാങ്ക് വായ്പ്പകൾ അടച്ചുകൊള്ളാമെന്ന് പറഞ്ഞ്, കൊടുമൺ ഐക്കാട് കിഴക്ക് ഐക്കരേത്ത് കിഴക്കേചരിവ് തൊട്ടരികിൽ പുത്തൻവീട്ടിൽ സജി ബേബിയുടെ ഭാര്യ മാറിയാമ്മ ചാക്കോയിൽ നിന്നും പല കാലയളവിലായി 5,65,000 രൂപയും നാലര പവൻ സ്വർണവും പ്രതികൾ കൈക്കലാക്കി എന്നാണ് കേസ്.

തുകയും സ്വർണവും തിരികെ ചോദിച്ചപ്പോൾ, സർക്കാർ മുദ്രയോടുകൂടിയ ജില്ലാ സെഷൻസ് കോടതി ഉത്തരവ് വ്യാജമായി നിർമിച്ചശേഷം സത്യമാണെന്നു വിശ്വസിപ്പിച്ച്, തുകയും മറ്റും തിരിച്ചുകൊടുക്കാതെ പറ്റിക്കുകയായിരുന്നു. ചതിക്കപ്പെട്ടുവെന്ന് മനസ്സിലായപ്പോൾ മാറിയാമ്മ ചാക്കോ കൊടുമൺ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുകയാണുണ്ടായത്.

പ്രതികൾ മുദ്രപത്രത്തിൽ നൽകിയ രേഖകൾ പരിശോധിച്ച പൊലീസ് അവ വ്യാജമാണെന്ന് കണ്ടെത്തി. പ്രതികൾ മുദ്രപ്പത്രം വാങ്ങിയ അടൂരുള്ള ആധാരമെഴുത്ത് ഓഫീസിലെത്തി വിശദമായ പരിശോധന നടത്തി. മുദ്രപത്രങ്ങൾ എഴുതി സൂക്ഷിക്കുന്ന ബുക്കുകളും മറ്റും പരിശോധിച്ചു തെളിവുകൾ ശേഖരിച്ചു. കോടതി ഉത്തരവിന്‍റെ സത്യാവസ്ഥ തിരിച്ചറിയുന്നതിന് കൊട്ടാരക്കര സബ് കോടതിയിലെത്തി ശിരസ്‌താദാറെയും അഡിഷണൽ ഗവണ്മെന്‍റ് പ്ലീഡറെയും കണ്ട് അന്വേഷണം നടത്തിയ പൊലീസിന് ഉത്തരവ് വ്യാജമായി ഉണ്ടാക്കിയതാണെന്ന് വെളിപ്പെട്ടു.

മാത്രമല്ല, ഉത്തരവിൽ പറഞ്ഞിരിക്കുന്ന കോടതി നിലവിലില്ലാത്തതാണെന്നും വ്യക്തമായി. തുടർന്ന് കോന്നിയിൽ നിന്നും ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ബുധനാഴ്ച്ച രാവിലെ കോന്നി ബസ് സ്റ്റാന്‍റിൽ രണ്ടാം പ്രതി സജുവിനെയും വൈകിട്ട് കോന്നി വെള്ളപ്പാറയിൽ നിന്നും ഒന്നാം പ്രതി രമയേയും പിടികൂടുകയായിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ പ്രവീണിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എസ് ഐമാരായ രതീഷ് കുമാർ, സതീഷ്, എസ് സി പി ഓമാരായ പ്രമോദ്, വിനീത്, സി പി ഓമാരായ അജിത് കുമാർ, പ്രദീപ്‌, സിന്ധു, സുനിത, അജിത് എസ് പി എന്നിവരാണ് സംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Reply