ശബരിമലയെ മാതൃകാ തീര്‍ഥാടന കേന്ദ്രമാക്കണം: നിയമസഭ പരിസ്ഥിതി സമിതി

പത്തനംതിട്ട: പരിസ്ഥിതിയെ പരിരക്ഷിച്ച് മികച്ച മാസ്റ്റര്‍പ്ലാനോടെ ശബരിമലയെ മാതൃകാ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റണമെന്ന് നിയമസഭയുടെ പരിസ്ഥിതി സമിതി ചെയര്‍മാന്‍ ഇ.കെ വിജയന്‍ എം.എല്‍.എ പറഞ്ഞു. നിയമസഭാ പരിസ്ഥിതി സമിതിയുടെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പമ്പയില്‍ നടന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്ന ശബരിമലയില്‍ വായുമലിനീകരണം, ജലമലിനീകരണം എന്നിങ്ങനെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ഇവയെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാന്‍ തരത്തിലുള്ള മാസ്റ്റര്‍പ്ലാനാണ് തയാറാക്കേണ്ടത്. പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ തള്ളുന്ന സംഭവങ്ങള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശിക്ഷാനടപടികളുണ്ടാകും.

പ്ലാസ്റ്റിക് കുപ്പി പ്രശ്നം പരിഹരിക്കാന്‍ ശബരിമലയില്‍ ശുദ്ധജലവിതരണത്തിനുള്ള വിപുലമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. നിലവില്‍ മാലിന്യസംസ്‌കരണത്തിനായി ഇന്‍സിനറേറ്ററുകള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, സീവേജ് പ്ലാന്റുകള്‍ എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. ശബരിമലയിലും പരിസര പ്രദേശങ്ങളിലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് നിലവില്‍ കുറവാണ്.

വനം – വന്യ ജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി തീര്‍ഥാടകര്‍ക്ക് ബോധവത്ക്കരണം നല്‍കുന്നുണ്ട്. മാത്രമല്ല, കാനനപാതയിലെ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനം വകുപ്പ് തയാറാക്കുന്ന മൊബൈല്‍ ആപ്പ് വഴിയും ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള അവബോധം നല്‍കും. തീര്‍ഥാടന പാതയിലെ കടകളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഹരിതകര്‍മ്മ സേന, ഇക്കോ ഗാര്‍ഡുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം ഊര്‍ജിതമാണ്.

ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്നത് കണക്കിലെടുത്ത് പമ്പാനദിയിലെ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള നടപടികളും മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്ത് പാര്‍ക്കിംഗിന് പദ്ധതി തയാറാക്കി നടപ്പാക്കണം.

Leave A Reply