സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. തിരുവനന്തപുരം വഞ്ചിയൂരുളള ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ഫൊറൻസിക് വിഭാഗത്തിന്റെ പരിശോധനയും സ്ഥലത്ത് തുടരുകയാണ്.

ഫ്‌ളാറ്റിലെ ലിവിങ് റൂമിലുള്ള സോഫയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യക്കൊപ്പം വഞ്ചിയൂരിലെ ഫ്ളാറ്റിലായിരുന്നു താമസം. ഭാര്യ ഇന്നലെ നാട്ടിൽ പോയിരുന്നു. ഇന്ന് ഉച്ചയായിട്ടും ഫോണിൽ കിട്ടാത്തതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ഫ്ളാറ്റ് തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.

പ്രാഥമിക പരിശോധനയിൽ ദുരൂഹതയല്ലെന്ന് പൊലീസ് പറഞ്ഞു. മുറിയിലെ സോഫയുടെ സമീപം കിടന്ന മൃതദേഹം ആദ്യം കണ്ടത് ബന്ധുക്കളെന്ന് കമ്മിഷണർ സ്പർജൻ കുമാർ പറഞ്ഞു. പാലക്കാട്‌ ജില്ലയിലെ പത്തിരിപ്പാല സ്വദേശിയായ സതീഷ് ബാബു 1963ലാണ് ജനിച്ചത്.

കാഞ്ഞങ്ങാടു നെഹ്രു കോളജിലും തുടർന്നു പയ്യന്നൂർ കോളജിലുമായിരുന്നു പഠനം. ചെറുപ്പത്തിലെ എഴുത്തിനോട് താൽപ്പര്യമുണ്ടായിരുന്നു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു.

Leave A Reply