ന്യൂഡല്‍ഹി: മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ ഉണ്ടാകുന്നത് ശരിയല്ലെന്നും ഏക സിവില്‍കോഡ് നടപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മത്രി അമിത് ഷാ.
ഏക സിവില്‍കോഡ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. ഭരണഘടന നിര്‍മ്മാണ സമിതി പാര്‍ലമെന്റിനോടും സംസ്ഥാന സര്‍ക്കാറുകളോടും ഏക സിവില്‍കോഡ് നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
2024 ആകുമ്ബോഴേക്കും ചില സംസ്ഥാനങ്ങള്‍ ഏക സിവില്‍കോഡ് നടപ്പാക്കാന്‍ സാധ്യതയുണ്ട്. അതുവരെയും അത് നടന്നില്ലെങ്കില്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍കോഡ് നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി ഭരണം നടത്തുന്ന ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഇതിനായി സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. അവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഏക സിവില്‍കോഡ് കൊണ്ടു വരുമെന്ന് അമിത് ഷാ പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. ആഭ്യന്തര മന്ത്രിയെന്ന തന്റെ വ്യക്തിപരമായ നേട്ടമായല്ല അതിനെ കാണുന്നത്. മോദി സര്‍ക്കാറിന്റെ മൊത്തം നേട്ടമായാണ് കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്കുന്ന ആര്‍ട്ടിക്കിള്‍ റദ്ദാക്കാന്‍ സാധിച്ചതിനെ കാണുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.