റിയാദ്: ജിദ്ദയിൽ വ്യാഴാഴ്ച രാവിലെ മുതൽ ജിദ്ദയിൽ ശക്തമായ ഇടിയോട്കൂടി മഴ. രണ്ട്മണിക്കൂറിലധികം നീണ്ട മഴ താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി.
മുൻകരുതലായി റോഡിലെ അണ്ടർപാസ്വേകളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ചില അണ്ടർപാസ്വേകൾ ട്രാഫിക്ക് വിഭാഗം അടച്ചു.
നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. വീടുകൾക്കുള്ളിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കും വെള്ളം കയറി.
ജിദ്ദ, റാബിഖ്, ഖുലൈസ്എന്നിവിടങ്ങളിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകി. ജനങ്ങളോട് ജാഗ്രത പുലർത്താനും വേണ്ട മുൻകരുതലെടുക്കാനും ആവശ്യപ്പെട്ടു.
ചില റോഡുകളിൽ ഗതാഗത നിയന്ത്രണവുമേർപ്പെടുത്തിയിട്ടുണ്ട്. മക്ക മേഖലയിൽ ജിദ്ദയടക്കമുള്ള പട്ടണങ്ങളിൽ വ്യാഴാഴ്ച മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പും സിവിൽ ഡിഫൻസും ബുധനാഴ്ച വൈകീട്ട്തന്നെ മുന്നറിയിപ്പ്നൽകിയിരുന്നു. ഇതേതുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട മുൻകരുതലുകൾ എടുത്തിരുന്നു. സിവിൽ ഡിഫൻസ്, പൊലീസ്, മുനിസിപ്പാലിറ്റി എന്നീ വകുപ്പുകൾ ഏത്അടിയന്തിരഘട്ടവും നേരിടാനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു.