ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തും: മന്ത്രി

ചെറുതോണി: പാറേമാവ്‌ ജില്ലാ ആയുർവേദ ആശുപത്രിയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ്‌. കഴിഞ്ഞദിവസം ആശുപത്രി സന്ദർശിക്കവേയാണ്‌ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. ആശുപത്രിയുടെ വികസന കാര്യങ്ങൾ ചീഫ്‌ മെഡിക്കൽ ഓഫീസർ കെ ആർ സുരേഷ്‌ വിശദീകരിച്ചു. ആശുപത്രിയുടെ പദവി ഉയർത്തണമെന്ന കാര്യം പരിഗണിക്കും. കൂടാതെ ഇടുക്കി ടൂറിസം കേന്ദ്രമായതിനാൽ ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ ആവിഷ്‌കരിക്കാൻ പദ്ധതിയുണ്ടെന്നും വാർഡുകളുടെ എണ്ണം കൂട്ടുന്നതടക്കമുള്ളവ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

ആശുപത്രി വളപ്പിൽ ഔഷധ സസ്യവും മന്ത്രി നട്ടു. ആശുപത്രിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പദ്ധതി നടപ്പാക്കുമെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. കലക്ടർ ഷീബ ജോർജ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി കെ ഫിലിപ്പ്‌, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്‌, ഡിഎംഒ കെ പി ശുഭ, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായി.

Leave A Reply