കാണാതായ ഫോൺ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി സൈബർ പൊലീസ്‌

കോട്ടയം: വീട്ടമ്മയ്ക്ക് യാത്രക്കിടയിൽ നഷ്ടപ്പെട്ട വിദേശയാത്രാ രേഖകളടങ്ങിയ മൊബൈൽഫോൺ മണിക്കൂറുകൾക്കുള്ളിൽ കണ്ടുപിടിച്ച്‌ നൽകി കോട്ടയം സൈബർ പൊലീസ്. കുമ്മനം ഈനാഴം സ്വദേശിനിയായ വീട്ടമ്മയുടെ ഫോൺ ബുധൻ രാവിലെയാണ്‌ കളഞ്ഞുപോയത്‌. തുടർന്ന്‌ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. വ്യാഴാഴ്‌ച വെളുപ്പിന്‌ വിദേശത്ത് ജോലിക്ക് പോകേണ്ടതാണെന്നും അതിനുള്ള എല്ലാ രേഖകളും ആ മൊബൈൽ ഫോണിലാണുള്ളതെന്നും വീട്ടമ്മ പരാതിയിൽ പറഞ്ഞിരുന്നു. 
ജില്ലാ പൊലീസ് മേധാവി കെ കാർത്തികിന്റെ നിർദേശപ്രകാരം സൈബർ പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ചെങ്ങളം വായനശാലയ്‌ക്ക്‌ സമീപം ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തി.

സൈബർ പൊലീസും കുമരകം പൊലീസും സ്ഥലത്തെത്തിയെങ്കിലും ആ സമയത്ത് മൊബൈൽ ഫോൺ അവിടെനിന്ന് മറ്റൊരു ദിശയിലേക്ക്‌ പോയതായി മനസിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇല്ലിക്കൽ ഭാഗത്തുള്ള വീട്ടമ്മയ്‌ക്ക്‌ ഫോൺ കളഞ്ഞുകിട്ടിയതായി കണ്ടെത്തി. പൊലീസ് സംഘം അവിടെ എത്തിയപ്പോൾ വീട്ടമ്മ മൊബൈൽ ഫോൺ പൊലീസിനെ ഏൽപ്പിച്ചു.

തിരികെ ലഭിച്ച മൊബൈൽ ഫോൺ പരാതിക്കാരിയായ വീട്ടമ്മക്ക്‌ നൽകി പൊലീസ് ശുഭയാത്ര നേർന്നു. സൈബർ സ്റ്റേഷൻ എസ്എച്ച്ഒ ജഗദീഷ്, എസ്ഐ ജയചന്ദ്രൻ, കുമരകം എസ്ഐ എസ്‌ സുരേഷ്, സിപിഒമാരായ രാജേഷ്‌കുമാർ, സതീഷ്‌കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്‌.

Leave A Reply