തിരുവനന്തപുരം: ഇ സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്ഫോമിലൂടെ 1.02 ലക്ഷം പേര്‍ക്ക് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജനങ്ങള്‍ക്ക് ഇതിലൂടെ മെഡിക്കല്‍ കോളേജുകളില്‍ പോകാതെ തന്നെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും എല്ലാ സൂപ്പര്‍ സ്പെഷ്യലിറ്റി സേവനങ്ങളും ലഭ്യമാക്കാന്‍ കഴിയുന്നു.
ഇതിനായി സംസ്ഥാന തലത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു സംസ്ഥാനതല കമ്മറ്റിയും ജില്ലകളില്‍ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ജില്ലാതല കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത ജില്ലകളില്‍ സ്വകാര്യ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ഉപയോഗിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ ജനറല്‍ ആശുപത്രികള്‍ മുഖേന സ്പെഷ്യാലിറ്റി സേവനങ്ങളും മെഡിക്കല്‍ കോളേജുകള്‍ വഴി സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങളുമാണ് ലഭ്യമാക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളും, അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്പോക്കായാണ് പ്രവര്‍ത്തിക്കുക. ജില്ലാ, ജനറല്‍ ആശുപത്രികളും, മെഡിക്കല്‍ കോളേജുകളും ഹബ്ബായിട്ടും പ്രവര്‍ത്തിക്കും. ആദ്യമായി സ്പോക്ക് ആശുപത്രിയിലെ ഡോക്ടര്‍ പ്രാഥമിക പരിശോധന നടത്തും.
ആ രോഗിയെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ക്ക് റെഫര്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടെങ്കില്‍ ജില്ലാ, ജനറല്‍, മെഡിക്കല്‍ കോളേജിലെ ഹബ്ബിലെ ഡോക്ടറിലേക്ക്, ഡോക്ടര്‍ ടു ഡോക്ടര്‍ സംവിധാനം വഴി കണക്ട് ചെയ്യുന്നതാണ്. ഇതിലൂടെ സ്പെഷ്യലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജുകളിലേക്കും, ജില്ലാ ആശുപത്രികളിലേക്കും പോകാതെ തന്നെ വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാകുന്നതാണ്.
ഇ സഞ്ജീവനി ഒപിഡിയില്‍ നിലവില്‍ 4.88 ലക്ഷത്തില്‍ അധികം പരിശോധനകള്‍ നടന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴി ജനങ്ങള്‍ക്ക് ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി ഇതിലൂടെ സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്സള്ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കുന്നു.ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശവര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍ എന്നിവര്‍ക്കും ഡോക്ടര്‍ ടു ഡോക്ടര്‍ സംവിധാനം വഴി ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്ക് നല്‍കാവുന്നതാണ്.