ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് അനുമതി നിഷേധിച്ച് ക്ഷേത്രം

പാലക്കാട് : പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ട്രാൻസ്ജെൻഡർ വിവാഹത്തിന് ക്ഷേത്രം അനുമതി നൽകിയില്ലെന്ന് പരാതി. കൊല്ലങ്കേട് ഫിൻമാർട്ട് കമ്പനിയിലെ ജീവനക്കാരായ നിലൻ കൃഷ്ണയും അദ്വികയും തമ്മിലുള്ള വിവാഹത്തിനാണ് കൊല്ലങ്കോട് കാച്ചാം കുറിശ്ശി ക്ഷേത്രം അനുമതി നിഷേധിച്ചത്. വിവാഹവേദിയായി കാച്ചാം കുറിശ്ശി ക്ഷേത്രമെന്ന് വെച്ചാണ് ഇവർ വിവാഹ ക്ഷണക്കത്തടിച്ചിരുന്നത്. എന്നാൽ ക്ഷേത്രത്തിൽ വെച്ചുള്ള കല്യാണത്തിന് അനുമതിയില്ലെന്ന് രണ്ടു ദിവസങ്ങൾക്ക് മുൻപാണ് ഭാരവാഹികൾ ഇരുവരെയും അറിയിച്ചത്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ് കാച്ചാം കുറിശ്ശി. ഭാവിയിലെ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് അനുമതി നൽകാതിരുന്നതെന്നാണ് ക്ഷേത്രം ഭാരവാഹികൾ നൽകുന്ന വിശദീകരണം. ക്ഷേത്രം അനുമതി ലഭിക്കാതിരുന്നതോടെ സമീപത്തെ കല്യാണമണ്ഡപത്തിലേക്ക് വിവാഹ ചടങ്ങുകൾ മാറ്റി.

ആലപ്പുഴ സ്വദേശിയായ നിലൻ ജനനം കൊണ്ട് പെൺകുട്ടിയാണെങ്കിലും പിന്നീട് ആൺകുട്ടിയുടെ ജീവിതക്രമത്തിലേക്ക് സ്വയം മാറിയ ആളാണ്. തിരുവനന്തപുരം സ്വദേശിയായ അദ്വികയാകട്ടെ ആൺകുട്ടിയായി ജനിച്ച് പെൺകുട്ടിയുടെ ജീവിതം തെരഞ്ഞെടുത്ത ആളും. സ്വന്തം ഇഷ്ടത്തിന് ജീവിതം തെഞ്ഞെടുത്തത് കൊണ്ട് തന്നെ പൊതുസമൂഹത്തിൽ നിന്നും വ്യത്യസ്തമായ ഏറെ അനുഭവങ്ങളും ഇരുവർക്കും ഏൽക്കേണ്ടിവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിവാഹത്തിനായി നിശ്ചയിച്ചിരുന്ന ക്ഷേത്രവും അനുമതി നിഷേധിച്ചത്.

Leave A Reply