കോട്ടകളെ കണ്ടറിഞ്ഞ് വിദ്യാര്‍ഥികളുടെ പഠന യാത്ര

കാസര്‍കോട്:  ജില്ലയിലെ വിവിധ കോട്ടകളെ കണ്ടറിഞ്ഞും ചരിത്രസ്മാരകങ്ങളെ ഓര്‍ത്തെടുത്തും വിദ്യാര്‍ത്ഥികളുടെ പഠനയാത്ര. കോട്ടകളുടെ നാടെന്ന വിശേഷണമുള്ള കാസര്‍കോട് ജില്ലയിലെ വിവിധ കോട്ടകളിലേക്ക് വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യാത്ര ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിലേക്കും ചരിത്ര സ്മാരകങ്ങളിലേക്കുമുള്ള ഒരു തിരിച്ചുപോക്കായി. ലോക പൈതൃക വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംഘടിപ്പിക്കുന്ന ടൂറിസം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള കരിയര്‍ ഗൈഡന്‍സ് പഠനയാത്ര ഫേര്‍ട്ട് ടു ഫോര്‍ട്ട് ഹെറിറ്റേജ് ടൂറിന്റെ ഭാഗമായാണ് കോട്ടകള്‍ സന്ദര്‍ശിച്ചത്. കാസര്‍കോടിന്റെ സാമ്പത്തിക അഭിവൃദ്ധിയുടെയും തുറമുഖങ്ങള്‍ വഴിയുളള പ്രകൃതി വിഭവങ്ങളുടെ കയറ്റുമതിയുടെയും ബാക്കിപത്രങ്ങളാണ് ഇവിടുത്തെ കോട്ടകള്‍. ഈ കോട്ടകളിലേക്കുള്ള യാത്ര നാടിന്റെ ചരിത്രത്തിന്റെ പുനര്‍വായനയായി. വിദ്യാര്‍ത്ഥികള്‍ക്കും കോട്ടകളിലേക്കുള്ള യാത്ര നവ്യാനുഭവമായി. ജില്ലയിലെ വിവിധ കോളജുകളിലെ 47 ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ഥികളാണ് യാത്രയില്‍ അണിനിരന്നത്.

15ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട പൊവ്വല്‍ കോട്ടയിലായിരുന്നു ആദ്യ സന്ദര്‍ശനം. തുടര്‍ന്ന് ചന്ദ്രഗിരി, ബേക്കല്‍, ഹൊസ്ദുര്‍ഗ് കോട്ടകളും സംഘം സന്ദര്‍ശിച്ചു. ടൂര്‍ ഗൈഡ് നിര്‍മേഷ് കുമാര്‍ കുട്ടികള്‍ക്ക് വിവിധ കോട്ടകള്‍ പരിചയപ്പെടുത്തി. കോട്ടകളുടെ ചരിത്രം, പ്രസക്തി തുടങ്ങിയ കാര്യങ്ങള്‍ സാംസ്‌കാരിക പ്രവര്‍ത്തകനും കവിയുമായ രവീന്ദ്രന്‍ പാടി വിശദീകരിച്ചു. ജില്ലയിലെ ട്രാവല്‍ ആന്റ് ടൂറിസം വിദ്യാര്‍ത്ഥികള്‍ക്ക് കോട്ടകളും ചരിത്രസ്മാരകങ്ങളും, ജില്ലയില്‍ അതിവേഗം വികസിക്കുന്ന ടൂറിസം മേഖലയിലെ തൊഴില്‍ സാധ്യതകളും പരിചയപ്പെടുത്തുകയായിരുന്നു യാത്രയുടെ ലക്ഷ്യം. ജില്ലയില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കെ.എസ.്ആര്‍.ടി.സി ബസിലാണ് പഠനയാത്ര നടത്തിയത്. പഠനയാത്രയ്ക്കായി കെ.എസ്.ആര്‍.ടി.സി ബസ് തെരഞ്ഞെടുത്ത് ഒരു മാതൃക തീര്‍ക്കാനും ഈ യാത്രയ്ക്ക് സാധിച്ചു.

കോട്ടകളും അതിന്റെ ചരിത്രവും നാടിന്റെ സംസ്‌കൃതിയെ ആഴത്തില്‍ മനസിലാക്കാന്‍ സഹായിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. കോട്ടകള്‍ സംരക്ഷിക്കണമെന്നും അതിന്റെ ചരിത്രം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കണമെന്നുമുള്ള കാര്യത്തിലും വിദ്യാര്‍ഥികള്‍ക്ക് ഏകാഭിപ്രായം. തങ്ങളുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കാനും അവ പരിചയപ്പെടാനും ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. തങ്ങളുടെ പഠന മേഖലയും ജോലി സാധ്യതയും സംബന്ധിച്ച് കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Leave A Reply