തരൂരിനെ ഇനി തളക്കാൻ പറ്റില്ല ; പായും കുതിര തന്നെയാണ് തരൂരിസം

യുണൈറ്റഡ് കോൺഗ്രസാണ് ലക്ഷ്യമെന്ന് ശശി തരൂർ പറയുന്നു. അപ്പോഴും ഗ്രൂപ്പു കളിച്ചു വളർന്നവർ തരൂരിനെ തളർത്താനാണ് ഗ്രൂപ്പ് മാനേജർമാരുടെ ശ്രമം. മലബാർ പര്യടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ പാണക്കാട്ടെത്തിയ ശശി തരൂരിനു മുസ്ലിം ലീഗ് നേതാക്കൾ ഹൃദ്യമായ സ്വീകരണമൊരുക്കിയത് കോൺഗ്രസിലെ പല നേതാക്കളെയും ഞെട്ടിച്ചു.

തരൂരിനെ വിലക്കില്ലെന്ന് പുറമേ പറയുമ്പോഴും നേതാക്കൾ ഫോണിൽ വിളിച്ച് വിലക്ക് നടപ്പിലാക്കുന്നു. എന്നിട്ടും മലപ്പുറം ഡിസിസി ഓഫീസിൽ എത്തിയ തരൂരിനെ സ്വീകരിക്കാൻ പ്രസിഡന്റ് എത്തി. കെപിസിസി നേതാക്കൾ വിട്ടു നിന്നു. കോഴിക്കോടും കണ്ണൂരും മലപ്പുറത്തും ഓടി നടന്നാണ് തരൂർ കോൺഗ്രസ് പ്രവർത്തകരുമായി സംവദിക്കുന്നത്.

തരൂർ സംസ്ഥാനമൊട്ടാകെ സ്വീകാര്യതയുള്ള നേതാവാണെന്ന് ചർച്ചയ്ക്കു ശേഷം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു . അച്ചടക്കം ലംഘിക്കാതെയാണ് തരൂരിന്റെ രാഷ്ട്രീയ മുന്നേറ്റ യാത്രകൾ. കെസി വേണുഗോപാലും വിഡി സതീശനും മുമ്പിൽ നിന്ന് ഇതിനെ തളർത്താൻ ശ്രമിക്കുന്നു. പക്ഷേ തരൂർ കുലുങ്ങുന്നില്ല.

രാഷ്ട്രീയ സാഹചര്യങ്ങളും മുന്നണിസംവിധാനങ്ങളും നില മെച്ചപ്പെടുത്തിയാലേ യു.ഡി.എഫിന് തരിച്ചുവരാനാകൂ എന്നതാണ് ലീഗ് നിലപാട്. പുതിയകാല രാഷ്ട്രീയത്തിന്റെ വക്താവായ തരൂരിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടെന്നും മികച്ച സംഘാടകനായ തരൂരിനെ മുന്നിൽ നിർത്തിയാൽ കൂടുതൽ യുവാക്കളും വിദ്യാസമ്പന്നരും പിന്തുണയ്ക്കുമെന്നും ലീഗ് കരുതുന്നു.

സംഘ്പരിവാർ രാഷ്ട്രീയത്തെ സൈദ്ധാന്തികമായിത്തന്നെ എതിർക്കുന്ന തരൂർ തികഞ്ഞ മതേതരവാദിയാണ്. ലീഗ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ വിലമതിക്കുകയും ആത്മാർഥമായി പിന്തുണയ്ക്കുകയും ചെയ്യുന്നയാളാണ് തരൂർ. ഒളിയമ്പെയ്യുന്ന ശീലമില്ലെന്നാണ് ലീഗിന്റെ പക്ഷം. ഇതാണ് തരൂരിനെ ലീഗ് പിന്തുണയ്ക്കാനുള്ള കാരണവും.

തരൂർ മുന്നണിയുടെ നേതൃസ്ഥാനത്തേക്ക് വരുകയാണെങ്കിൽ ലീഗ് പിന്തുണയ്ക്കും. അത് ലീഗും ആഗ്രഹിക്കുന്നതാണ്. എന്നാൽ, കോൺഗ്രസിൽ തരൂരിന്റെ റോൾ എന്തായിരിക്കണമെന്ന കാര്യം അവരുടെ ആഭ്യന്തരവിഷയമായതിനാൽ അതിൽ  ഇടപെടില്ല.

തരൂരിനെ കേരളത്തിൽ സജീവമാക്കുന്നത് യു.ഡി.എഫി.ന്റെ തിരിച്ചുവരവിന് ഊർജം പകരുമെന്നാണ് ലീഗ് നിലപാട്. അക്കാര്യം കോൺഗ്രസ് നേതാക്കളോട് ലീഗ് പങ്കുവെച്ചിട്ടുണ്ട്. തരൂർ പാണക്കാട് കൂടിക്കാഴ്ചയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ശശി തരൂർ ലീഗിന്റെ പിന്തുണ തേടി. തരൂർ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ട നേതാക്കൾ കൈവിടാൻ അനുവദിക്കില്ലെന്ന ഉറപ്പും നൽകി. ആവശ്യമെങ്കിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെയടക്കം ബോധ്യപ്പെടുത്തുമെന്നും ലീഗ് ഉറപ്പ് നൽകിയെന്നാണ് ലഭിക്കുന്ന വിവരം .

ഏതായാലും തരൂർ യു ഡി എഫിന്റെ നേതൃസ്ഥാനത്ത് വന്നാൽ അത് ഗുണം തന്നെയാണ് . അതിനെ ഭയക്കുന്നവരുടെ ഉള്ളിലിരിപ്പ് എന്താണെന്ന് ഓരോ കോൺഗ്രസ്സ് പ്രവർത്തകർക്ക് മാത്രമല്ല മലയാളികൾക്കുമറിയാം .

ഇപ്പോഴത്തെ കോൺഗ്രസ്സ് നേതാക്കളിൽ ആർക്കുണ്ട് ഇത്രയും ജന പിന്തുണ ? ശശി തരൂർ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ ജയിക്കുന്നത് തന്നെ അത്രയും ജനപിന്തുണ ഉള്ളതുകൊണ്ടാണ് . അല്ലെങ്കിൽ എപ്പോഴേ മറ്റാരെങ്കിലും കൊണ്ടുപോയേനെ തിരുവനന്തപുരം മണ്ഡലം .

Video Link
Leave A Reply