മദ്യപിച്ച് ലക്കുകെട്ട് ഡ്രൈവിങ്, കാര്‍ പാഞ്ഞുകയറി; രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ പാഞ്ഞുകയറി രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അമിതവേഗത്തില്‍ കാര്‍ വരുന്നത് കണ്ട് മറ്റ് തൊഴിലാളികള്‍ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തില്‍ മണ്ണക്കല്ല് സ്വദേശിനികളായ സാവിത്രി (62), ശാരദ (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിൽ ശാരദയുടെ കാലിന് പൊട്ടലുണ്ട്.

ബാലരാമപുരം മണ്ണക്കല്ലില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. അപകട ശേഷവും കാര്‍ നിര്‍ത്താതെ വീട്ടിലേക്ക് ഓടിച്ച് പോയ യുവാവിനെ വീട്ടിലെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ തടഞ്ഞു വെച്ച് പോലീസിന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് മണ്ണക്കല്ല് സ്വദേശി കിരണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാവിലെ മുതല്‍ 53 തൊഴിലുറപ്പ് തൊഴിലാളികള്‍ മണ്ണക്കല്ല് തോട് വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം ഇവര്‍ റോഡിന്റെ സമീപത്ത് വിശ്രമിക്കുമ്പോഴാണ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ കിരണ്‍ അമിത വേഗതയില്‍ കാറുമായിവന്നത്. കോട്ടുകാല്‍ മന്നോട്ടുകോണം ഭാഗത്ത് നിന്ന് അമിതവേഗത്തില്‍ വന്ന കാര്‍ റോഡരികില്‍ ഇരിക്കുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് കാഞ്ഞിരംകുളം പോലീസ് വ്യക്തമാക്കി.

സാവിത്രിയുടെയും ശാരദയുടെയും കാലിലൂടെയാണ് കാര്‍ കയറി ഇറങ്ങിയത്. തുടര്‍ന്ന് ഇവരെ നാട്ടുകാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

Leave A Reply