പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് പത്ത് വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് പത്ത് വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് കോടതി ശിക്ഷിച്ചത്. കിളിമാനൂർ സ്വദേശിയായ ശരത് (30 ) നെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) കോടതി ജഡ്ജ് ടിപി പ്രഭാഷ് ലാൽ ശിക്ഷിച്ചത്‌. പിഴ അടയ്ക്കാത്ത പക്ഷം ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം.

2017 -ൽ ആണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരിയെ വീട്ടിൽ നിന്ന്‌ വിളിച്ച് കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് വിധേയയാക്കി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. മകളെ കാണാനില്ലെന്ന് കാണിച്ച്‌ അമ്മ നൽകിയ പരാതിയിലാണ്‌ പോലീസ് ആദ്യം കേസെടുത്തത്‌. ശരത്‌ പലതവണ പെൺകുട്ടിയുടെ വീട്ടിലെത്തി അതിക്രമം നടത്തിയെന്നും കേസിൽ പറയുന്നു. പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ട് പോകാനും താമസിപ്പിക്കാനും ഒത്താശ ചെയ്തു എന്ന കുറ്റത്തിന്‌ പ്രതിയാക്കപ്പെട്ട മൂന്ന് പേരെ കുറ്റക്കാരല്ല എന്ന് കണ്ട്‌ കോടതി വെറുതേ വിടുകയും ചെയ്തിരുന്നു. അതിജീവിതയ്ക്ക് പതിനെട്ട് വയസ്സ് തികയുന്നതിന് മൂന്ന് മാസം ശേഷിക്കുമ്പോളാണ് പീഡനത്തിന് ഇരയായത്.

Leave A Reply