സൗദിയിൽ മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദിയിൽ മയക്കുമരുന്ന് കടത്തിന് പിടിയിലായ രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി. അമൂദി സുലൈമാന്‍ തന്‍ദി, ഇദ്‍രീസ് അദീമോമി അജീബോജൊ എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നൈജീരിയന്‍ പൗരന്മാരായ ഇരുവരും കൊക്കൈന്‍ കടക്കുന്നതിനിടെയാണ് അറസ്റ്റിലായത്. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. തുടര്‍ നടപടികളെല്ലാം പൂര്‍ത്തിയായതോടെ മദീനയിലാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്.

മയക്കുമരുന്ന് കടത്തിനിടെ പിടിയിലായ ഒരു വിദേശിയുടെ വധശിക്ഷ രണ്ടാഴ്ച മുമ്പും സൗദി അറേബ്യ നടപ്പാക്കിയിരുന്നു. ലഹരി ഗുളികകളുടെ വലിയ ശേഖരവുമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായ സിറിയന്‍ പൗരന്‍ അബ്‍ദുല്ല ശാകിര്‍ അല്‍ഹാജ് ഖലഫ് എന്നയാളുടെ വധശിക്ഷയാണ് അന്ന് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇയാളുടെയും വിചാരണ പൂര്‍ത്തിയാക്കിയ കോടതി, വധശിക്ഷ വിധിക്കുകയായിരുന്നു. തുടര്‍ന്ന് റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്. ലഹരിക്കടത്തിന് കടുത്ത ശിക്ഷയാണ് സൗദി അറേബ്യയിലെ നിയമപ്രകാരം കുറ്റവാളികള്‍ക്ക് ലഭിക്കുക.

Leave A Reply