മുതലമടയിലും പരിസരത്തും മാരക കീടനാശിനി പ്രയോഗം

കൊല്ലങ്കോട്: മുതലമടയിലും പരിസരത്തും മാരക കീടനാശിനി പ്രയോഗം വർദ്ധിച്ചതോടെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തെ മാന്തോപ്പുകളിൽ പരിശോധന നടത്തി. കൃഷി വകുപ്പിന്റെ അനുമതിയില്ലാതെയാണ് കീടനാശിനി പ്രയോഗമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാമ്പൂ വിരിയുന്ന സമയം മാരക കീടനാശിനി പ്രയോഗത്തിലൂടെ മിത്ര കീടങ്ങൾ കൂടുതലായി ചത്തൊടുങ്ങി വിളവും ഉല്പാദനവും കുറയുമെന്ന് കൃഷി ഓഫീസർ അശ്വതി പറഞ്ഞു.

അത്യുല്പാദനത്തിന് അശാസ്ത്രീയമായി മാരക കീടനാശിനി പ്രയോഗം നടത്തുന്നത് മാന്തോപ്പുകൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ്. മുൻവർഷങ്ങളിലുണ്ടായ ഇലപ്പേൻ തേനടി, മാങ്ങയുടെ വലിപ്പക്കുറവ് എന്നിവയുടെ പരിഹരിക്കാനും കൃഷി കൂടുതൽ ലാഭകരമാക്കാനുമാണ് കീടനാശിനി അമിതമായി പ്രയോഗിക്കുന്നത്. ഇവരെ നിയന്ത്രിച്ചാൽ മാംഗോ സിറ്റിയിലെ മാരക കീടനാശിനി പ്രയോഗം നിയന്ത്രണത്തിലാക്കാം.

സ്പെഷ്യൽ ഓഫീസർ വേണം സീസണുകളിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നുള്ള ആവശ്യത്തിന് മുന്നിൽ മുഖം തിരിച്ച് കൃഷി വകുപ്പ്. മാമ്പൂ കാലം മുതൽ വിളവെടുപ്പ് വരെ മാവ് കൃഷിയിൽ പരിജ്ഞാനമുള്ളവരെ നിയമിച്ച് കീടനാശിനി പ്രയോഗം,​ കീട ആക്രമണം തടയാള്ള നിർദ്ദേശം, വിളവും ഗുണനിലവാരവും, തേനടി, ഇലപ്പേൻ എന്നിവക്ക് അവലംബിക്കേണ്ട മാർഗങ്ങൾ എന്നിവയെ പറ്റി ബോധവത്കരണം നൽകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

Leave A Reply