ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ തരൂരിന് ഗുണമായി ; മുഖ്യമന്ത്രി കസേര മോഹികൾ ഒന്നിച്ചു

തരൂർ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ച് കേരളത്തിൽ സജീവമാകാൻ ഒരുങ്ങിയതോടെ ഐ ഗ്രൂപ്പ് പ്രതിരോധത്തിലായി. തരൂർ കേരളത്തിൽ വരേണ്ട നേതാവാണെന്ന് മുൻപ് പറഞ്ഞിരുന്നവർ ഇപ്പോൾ നിശബ്ദമായി . പക്ഷെ ലീഗും യു ഡി എഫും കട്ടയ്ക്ക് തരൂരിനൊപ്പമുണ്ട് .

ഇതിൽ നിന്നും വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. കേരളത്തിൽ യുഡിഎഫിനെ രക്ഷപെടാത്താൻ കെൽപ്പുള്ള നേതാവാണ് തരൂർ എന്നതു തന്നെയാണ്.  യുഡിഎഫിന് പിടിവിള്ളിയായി തരൂരിസം മാറുമോ എന്നതാണ് ഇനി അറിയേണ്ടത്.

കോൺഗ്രസിന്റെ മുൻനിരയിൽ ഇറങ്ങിക്കളിക്കാൻ തരൂർ രംഗത്തുവന്നപ്പോൾ കോൺഗ്രസിലെ ഗ്രൂപ്പു സമവായങ്ങളും മാറി മറിയുന്നു . മുഖ്യമന്ത്രിപദം തന്നെ ലക്ഷ്യമിട്ട് ശശി തരൂർ സന്നാഹമത്സരത്തിന് ഇറങ്ങിയതാണെന്ന സംശയം കോൺഗ്രസിൽ ശത്രുക്കളെ പോലും ഒന്നിപ്പിക്കുകയാണ്. മുഖ്യമന്ത്രി മോഹവുമായി കളത്തിലുള്ള നേതാക്കളിൽ മുന്നിൽ ചെന്നിത്തലും കെ സി വേണുഗോപാലും വി ഡി സതീശനുമാണ് .

തങ്ങളുടെ മാമ്പഴം കൊത്താൻ വരുന്ന കാക്കയെന്ന പോലെയാണ് ഇപ്പോൾ ഈ മൂന്ന് നേതാക്കളും തരൂരിനെ കാണുന്നത് . ഇതാണ് അവരെ ഒന്നിപ്പിക്കുന്ന ഘടകവും. പ്രവർത്തകരുടെ വികാരവും ഒഴുക്കും തിരിച്ചറിഞ്ഞ് കെ.സുധാകരനും മുരളിയും തരൂരിനൊപ്പം നിലയുറപ്പിച്ചു കഴിഞ്ഞതാണ് ഏറ്റവും ശ്രദ്ധേയം .

നിലപാട് പരസ്യമാക്കിയിട്ടില്ലെങ്കിലും എ ഗ്രൂപ്പിന്റെ പിന്തുണ തരൂരിനാണ് . നേതാവില്ലാതിരിക്കുന്ന എ ഗ്രൂപ്പിനെ പിന്തുണക്കാൻ കെൽപ്പുള്ള നേതാവായി തരൂർ മാറുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. ഉമ്മൻ ചാണ്ടിയുടെ മാനസിക പിന്തുണ പൂർണ്ണമായും തരൂരിന് തന്നെയാണ്.

തരൂരിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന വികാരം പാർട്ടിക്കുള്ളിൽ മാത്രമല്ല, യു ഡി എഫിലുമുണ്ട് . ഇക്കാര്യത്തിൽ ലീഗ് അടക്കമുള്ള ഘടകകക്ഷികൾ അഭിപ്രായം പറയും . ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്ന ഉമ്മൻ ചാണ്ടിക്ക് പകരം ഒരു ക്രൗഡ് പുള്ളറായ നേതാവിനെ മുന്നണിക്ക് ആവശ്യമുണ്ട്. ആ തിരിച്ചറിവാണ് തരൂരിലേക്ക് എത്തിച്ചേർന്നത് .

എല്ലാവർക്കും സ്വീകാര്യൻ എന്ന വിശേഷണമാണ് തരൂരിന്റെ ബാങ്ക് ബാലൻസ്. യുവനിരയെ ഒപ്പം നിർത്തി താഴെത്തട്ടിൽ സ്വാധീനം ശക്തിപ്പെടുത്തി ഘടകക്ഷികളുടെയും സമുദായ സംഘടനകളുടെയും പിന്തുണ ഉറപ്പിച്ച് മുന്നേറുകയാണ് തരൂർ.

ഒരേ സമയം എല്ലാ സമുദായങ്ങൾക്കും പ്രിയങ്കരനാണ് തരൂർ. സി പി എമ്മിലെയും ബിജെപിയിലെയും പല നേതാക്കളും ശരിക്കും ആൾക്കാരെ കയ്യിലെടുക്കാൻ കഴിവുള്ളവരാണ്. അവരുടെ പ്രസംഗം കേൾക്കാൻ ജനങ്ങൾ ഒഴുകിയെത്തും. എന്നാൽ അങ്ങനെയുള്ള നേതാക്കൾ സംസ്ഥാന കോൺഗ്രസിൽ ഇപ്പോൾ ഇല്ലെന്നുതന്നെ പറയാം.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് വ്യക്തമായതാണ്. എന്നാൽ തരൂർ ശരിക്കും ക്രൗഡ് പുള്ളറാണ്. പ്രത്യേകിച്ചും യുവജനങ്ങളുടെ കാര്യത്തിൽ. കോൺഗ്രസിൽ പൊതുവെ കാണപ്പെടാത്ത ഒരു ഗുണമാണിത്. ചില വിഷയങ്ങളിൽ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്ക് അതീതമായി നിലപാടുകൾ എടുക്കുന്നതും സോഷ്യൽ മീഡിയയിലെ ശക്തമായ ഇടപെടലുകളുമൊക്കെ യുവജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് സ്വീകാര്യത കൂട്ടി.

കേരളത്തിലെ മുന്നാക്ക സമുദായങ്ങളും പിന്നോക്കക്കാരും കോൺഗ്രസിനെ കൈവിട്ട അവസ്ഥയാണിപ്പോൾ. അടുത്തിടെ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രതിപക്ഷ നേതാവ് വി ഡി സതീശനെക്കുറിച്ച് പറഞ്ഞതുതന്നെ ശ്രദ്ധിച്ചാൽ മതി .

എന്നാൽ ശശി തരൂരിനോട് മുന്നാക്കക്കാർക്കും പിന്നാക്കക്കാർക്കും ഒരുപോലെ താൽപ്പര്യമുണ്ട്. ഭാവിയിൽ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിച്ചാൽ പാർട്ടി അധികാരത്തിലെത്താനുള്ള ഒരു പ്രധാന കാരണം ഈ സ്വീകാര്യതയായിരിക്കും .

മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളോടും അദ്ദേഹത്തിന് നല്ല അടുപ്പമാണ്. ഇടയ്ക്ക് തരൂർ ബിജെപിയിലേക്ക് പോകുമെന്ന് പ്രചാരണമുണ്ടായിരുന്നു. കാലുമാറിയെങ്കിൽ ഒട്ടും ചെറുതല്ലാത്ത സ്ഥാനവും അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. പക്ഷേ, തരൂർ കോൺഗ്രസിൽ തന്നെ ഉറച്ചുനിന്നു.

മരണം വരെ കോൺഗ്രസുകാരനായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതെല്ലാം സംഘി വിരുദ്ധനെന്ന പ്രതീതി ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ തരൂരിനായി. അതുപാേലെ വോട്ടുറപ്പിക്കേണ്ടത് എങ്ങനെയെന്ന് അദ്ദേഹത്തിന് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. കെട്ടിയിറക്കപ്പെട്ടവൻ എന്ന ലേബലോടെ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചപ്പോഴുൾപ്പടെ ഈ കഴിവ് വ്യക്തമായതാണ്.

Video Link

https://youtu.be/R94ep9npGR8

Leave A Reply