അടൂർ: കായംകുളം-പത്തനാപുരം സംസ്ഥാനപാതയിൽ (എസ്.എച്ച്-അഞ്ച്) തകർന്ന ഭാഗങ്ങളുടെ അറ്റകുറ്റപ്പണി മുടങ്ങിയിട്ട് 20 ദിവസം. പട്ടാഴിമുക്ക് മുതൽ പറക്കോട് വരെ പുതിയ ടാറിങ്ങിനായി കുഴിച്ചിട്ട ഭാഗങ്ങളിൽ അപകടം പതിവായി. ഇരുചക്രവാഹന യാത്രികരാണ് അപകടത്തിൽപെടുന്നത്. ഒക്ടോബർ 31ന് മഴയത്ത് കരാറുകാരൻ അനധികൃതമായി അറ്റകുറ്റപ്പണി ചെയ്തതിനെ തുടർന്നുള്ള പരാതിയിന്മേൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നു.
തുടർന്ന് പട്ടാഴിമുക്ക് മുതൽ അടൂർ സെൻട്രൽ ജങ്ഷൻ വരെ ഇരുവശവും തകർന്ന പാത മാറ്റി വെറ്റ് മിക്സിങ് മെക്കാഡം നിറച്ച് വൈബ്രേറ്റർ റോളർ ഉപയോഗിച്ച് ഉറപ്പിച്ച് ബിറ്റുമിൻ മെക്കാഡവും അതിനു മുകളിൽ ബിറ്റുമിൻ കോൺക്രീറ്റും ചെയ്യുന്ന പണികളാണ് മുടങ്ങിയത്. കോട്ടമുകള്‍ കവലക്കു പടിഞ്ഞാറ് പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫിസിന് തൊട്ടടുത്ത് മാടാങ്കുളഞ്ഞിപടിയിലെയും പൊതുമരാമത്ത് ഓഫിസിന് മുന്നിലെയും രണ്ട് കലുങ്കിന്റെയുമടക്കം പണി മുടങ്ങി.
സ്ഥലംമാറിയ ഉദ്യോഗസ്ഥർക്കു പകരം പത്തനംതിട്ട അസി. എക്സി. എൻജിനീയർക്കും പന്തളം അസി. എൻജിനീയർക്കും താൽക്കാലിക ചുമതല നൽകിയിരുന്നു. സ്ഥലംമാറ്റപ്പെട്ടവർക്കു പകരം ഉദ്യോഗസ്ഥർ കഴിഞ്ഞ തിങ്കളാഴ്ചയാണ് ചുമതലയേറ്റത്. എന്നാൽ, പണികൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല.