ഭാരത് ജോഡോ യാത്രയിൽ പ്രിയങ്കാ ഗാന്ധി ഇന്ന് പങ്ക് ചേരും; ആവേശത്തിൽ അണികൾ

ഡൽഹി: പ്രിയങ്കാ ഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേരും. മധ്യപ്രദേശിലെത്തുന്ന യാത്രയിൽ വൈകുന്നേരം പ്രിയങ്ക ഭാഗമാകും. നാല് ദിവസം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഇതാദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. ശനിയാഴ്ച പ്രിയങ്കയുടെ വാർത്താ സമ്മേളനവുമുണ്ടാകും.

ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്തുമെന്ന വിവരം പുറത്തുവന്നിരുന്നു. ഗുജറാത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോൺഗ്രസിന്‍റെ ആലോചന. കോണ്‍ഗ്രസ് സ്ഥാപകദിനമായ ഡിസംബർ 28ന് അസം, ഒഡീഷ, ത്രിപുര സംസ്ഥാനങ്ങളിൽ പ്രത്യേകം യാത്ര സംഘടിപ്പിക്കാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്. രാഹുൽ ഗാന്ധി ഇപ്പോൾ നയിക്കുന്ന യാത്ര വിജയകരമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തൽ.

അതേ സമയം ‘ഭാരത് ജോഡോ യാത്ര’യില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പങ്കെടുത്തതിന്‍റെ പേരില്‍ ജോഡോ യാത്ര നയിക്കുന്ന കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്ത് എത്തി. സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി കോണ്‍ഗ്രസ് നേതാവിനെ വിമര്‍ശിച്ചത്.

Leave A Reply