വിലക്കുമായി ഖത്തര്‍; ലോകകപ്പിനായി ഒരുക്കിയ ബിയര്‍ എന്തു ചെയ്യും? അടിപൊളി പ്രഖ്യാപനവുമായി ബഡ്വെയ്സർ
ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നല്‍കില്ലെന്ന് ലോക ഫുട്ബോൾ ഭരണസമിതി ഫിഫ വ്യക്തമാക്കിയതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി ബഡ്വെയ്സർ. ലോകകപ്പ് നേടുന്ന രാജ്യത്തിന് ശേഷിക്കുന്ന ബിയര്‍ നല്‍കുമെന്ന പ്രഖ്യാപനമാണ് ബഡ്വെയ്സര്‍ നടത്തിയിരിക്കുന്നത്. ലോകകപ്പ് ഫുട്ബോളിന്റെ പ്രധാന സ്പോണ്സര് ആയിട്ട കൂടിയും സ്റ്റേഡിയത്തില്‍ അല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പ്പന വിലക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. പരിധിക്ക് അപ്പുറത്ത് നിന്നുള്ള നിയന്ത്രണമെന്നാണ് നേരത്തെ തീരുമാനത്തേക്കുറിച്ച് ബഡവെയ്സര് പ്രതികരിച്ചത്.
ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചർച്ചയെത്തുടർന്ന്, ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുള്ള വേദികളിലും മാത്രമായിരിക്കും മദ്യ വില്‍പ്പന നടത്താനുള്ള അനുമതിയുള്ളത്. എ ബി ഇൻബെവിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രധാന ലോകകപ്പ് സ്പോൺസറായ ബഡ്വെയ്സർക്ക്, ഓരോ മത്സരത്തിനും മൂന്ന് മണിക്കൂർ മുമ്പും ഒരു മണിക്കൂറിന് ശേഷവും എട്ട് സ്റ്റേഡിയങ്ങളിലെ പരിസരത്ത് മാത്രമായി ആൽക്കഹോൾ ബിയർ വിൽക്കാനാണ് അനുമതി ലഭിച്ചത്.