കൗൺസിൽ യോഗത്തിൽ വീണ്ടും പ്രതിഷേധവും നാടകീയ രംഗങ്ങളും

തിരുവനന്തപുരം: നിയമനക്കത്ത്​ വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കനക്കവെ കൗൺസിൽ യോഗത്തിൽ വീണ്ടും പ്രതിഷേധവും നാടകീയ രംഗങ്ങളും. പ്രതിപക്ഷ കക്ഷികൾ നടത്തിയ പ്രതിഷേധം ഏറ്റുമുട്ടലിലേക്ക്​ നീങ്ങിയപ്പോൾ സമീപകാല ചരിത്രത്തിൽ ആദ്യമായി പൊലീസ് കാവലിൽ കൗൺസിൽ യോഗം ചേർന്നു.

ഇരിപ്പിടത്തിലേക്കെത്താൻ അനുവദിക്കാത്ത രീതിയിൽ മേയറുടെ ഡയസിന്​ താഴെ കിടന്ന്​ പ്രതിഷേധിച്ച ബി.ജെ.പി വനിത കൗൺസിലർമാരെ പൊലീസ് വലിച്ചുനീക്കി. ഒമ്പത്​ പേരെ അറസ്റ്റ്​ ചെയ്തു. ശക്തമായ പൊലീസ് സുരക്ഷയിലാണ് രണ്ടുമണിക്കൂർ നീണ്ട യോഗം നടന്നത്.

കത്ത് വിവാദത്തിന്​ പിന്നാലെ ചേർന്ന രണ്ടാമത്തെ കൗൺസിൽ യോഗമാണ് പ്രതിപക്ഷ കക്ഷികളുടെ സമരത്തിൽ അലങ്കോലമാകുന്നത്. വാദ്യോപകരണങ്ങളുമായി പ്രതിഷേധിച്ച യു.ഡി.എഫ് കൗൺസിലർമാരും യോഗ നടത്തിപ്പിന്​ വെല്ലുവിളിയായി.

ചൊവ്വാഴ്ച ഉച്ചക്ക്​ 2.30നാണ്​ കൗൺസിൽ യോഗം നിശ്ചയിച്ചിരുന്നത്. ഇതിന്​ തൊട്ടുമുമ്പ്​ അപ്രതീക്ഷിതമായി ബി.ജെ.പിയുടെ 14 വനിത കൗൺസിലർമാർ മേയറുടെ ഇരിപ്പിടത്തിന്​ രണ്ടുവശങ്ങളിലായി കിടന്ന്​ പ്രതിഷേധിച്ചു. ഇവരെ നേരിടാൻ എൽ.ഡി.എഫിലെ ഏതാനും പേർ ഡയസിൽ കയറി. മറ്റ്​ ബി.ജെ.പി കൗൺസിലർമാരും യു.ഡി.എഫ് അംഗങ്ങളും ഡയസിന് അഭിമുഖമായി നിന്ന് ‘ഗോ ബാക്ക്’ മുദ്രാവാക്യം വിളിച്ചു. ഇതോടെ സ്ഥലത്ത്​ വലിയ സംഘർഷാന്തരീക്ഷമായി.

കൗൺസിലർമാരെ മറികടന്ന് മേയർക്ക്​ വഴിയൊരുക്കാൻ എൽ.ഡി.എഫ് അംഗങ്ങൾ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പൊലീസെത്തി. ഒരുവശത്ത്​ കിടന്ന്​ പ്രതിഷേധിച്ച ഒമ്പത്​ പേരെ ഡയസിൽനിന്ന്​ വലിച്ചിഴച്ച് താഴെയിറക്കി. സുമി ബാലു, അർച്ചന, പി.എസ്. ജയലക്ഷ്മി എന്നിവരെ പടിക്കെട്ടിലൂടെ വലിച്ചാണ്​ താഴെയെത്തിച്ചത്​. പൊലീസുമായുള്ള ഉന്തിലും തള്ളിലും തൃക്കണ്ണാപുരം വാർഡ് കൗൺസിലർ ജയലക്ഷ്മിയുടെ വിരലിന്​ പരിക്കേറ്റു. നേമം കൗൺസിലർ യു. ദീപികയുടെ തലക്ക്​ പരിക്കേറ്റു. ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

Leave A Reply