ഇന്തോനേഷ്യയെ നടുക്കിയ ഭൂകമ്പം; സുനാമി സാധ്യത തള്ളിക്കളയാതെ അധികൃതർ

ജക്കാർത്ത: ഇന്തോനേഷ്യയുടെ പ്രധാന ദ്വീപായ ജാവയിലുണ്ടായ ഭൂകമ്പത്തിൽ 46 പേർക്ക് ദാരുണാന്ത്യം. എഴുന്നൂറോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. പടിഞ്ഞാറൻ ജാവയുടെ സിയാൻജൂർ മേഖലയിലാണ് റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. സംഭവത്തിൽ നിരവധി കെട്ടിടങ്ങൾ തകരുകയും മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തു.ഭൂകമ്പം സംബന്ധിച്ച ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മണ്ണിടിച്ചിലിൽ അകപ്പെട്ട ഒരു കുഞ്ഞിനെയും യുവതിയെയും രക്ഷപ്പെടുത്തിയതായി സിയാൻജൂർ പൊലീസ് മേധാവി വ്യക്തമാക്കി.

നിരവധി കടകളും ഒരു ആശുപത്രിയും ഒരു ഇസ്ലാമിക് സ്‌കൂളും ഭൂകമ്പത്തിൽ തകർന്നു. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഭൂകമ്പം ഉണ്ടായ പ്രദേശത്ത താമസക്കാർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ആളുകളോട് കെട്ടിടങ്ങൾക്ക് പുറത്തായി നിലയുറപ്പിക്കാൻ നിർദേശം നൽകിയതായി കാലാവസ്ഥാ വകുപ്പ് മേധാവി അറിയിച്ചു. ഇന്തോനേഷ്യയിലെ ഭൂകമ്പത്തിന് പിന്നാലെ സുനാമിയ്ക്ക് സാദ്ധ്യതയുള്ളതായും റിപ്പോർട്ടുകൾ ഉയരുന്നുണ്ട്.

Leave A Reply