ആരാധകർക്ക് സന്തോഷവാർത്ത! ഓസ്കാര്‍ മത്സരത്തിന് ആര്‍.ആര്‍.ആറും; 14 വിഭാഗങ്ങളില്‍ മത്സരിക്കും

എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആര്‍ ഓസ്കാർ മത്സരത്തിൽ. മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി, സഹ നടന്‍ എന്നിങ്ങനെ 14 വിഭാഗങ്ങളിലായാണ് ചിത്രം ഓസ്കാറില്‍ മത്സരിക്കുന്നത്. ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്നിന്റെ ഭാഗമായാണ് അണിയറ പ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്തത് ഗുജറാത്തില്‍ നിന്നുള്ള ‘ചെല്ലോ ഷോ’ ആയിരുന്നു. കശ്മീര്‍ ഫയല്‍സ്, ആര്‍.ആര്‍.ആര്‍ എന്നീ ചിത്രങ്ങളെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കാത്തതിനെതിരെ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയർന്നു. ഇതിനുപിന്നാലെയാണ് ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്നിലൂടെ ചിത്രം ഓസ്കാറിലേക്ക് മത്സരിക്കുന്നത്.

അക്കാദമിക്ക് കീഴിലുള്ള തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമ അക്കാദമി അംഗങ്ങളുടെ വോട്ടിങ് കരസ്ഥമാക്കിയാണ് നോമിനേഷനില്‍ സ്ഥാനം പിടിക്കുക. മികച്ച വിദേശ ഭാഷാ ചിത്രത്തിന് വേണ്ടി ‘ചെല്ലോ ഷോ’ മത്സരിക്കുമ്ബോള്‍ ഹോളിവുഡ് ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ജനറല്‍ വിഭാഗത്തിലാണ് ആര്‍.ആര്‍.ആര്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.

Leave A Reply