സ്കൂൾ, കോളജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന തകൃതിയായി നടക്കുന്നതായി പരാതി

കൊട്ടാരക്കര: കൊട്ടാരക്കര മേഖലയിലെ സ്കൂൾ, കോളജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന തകൃതിയായി നടക്കുന്നതായി പരാതി ലഭിച്ചിട്ടും പൊലീസോ എക്സൈസോ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. സ്കൂൾ അധികൃതരും രക്ഷാകർത്താക്കളും നിരവധി തവണ പരാതിയുമായി രംഗത്ത് വന്നെങ്കിലും നടപടിയുണ്ടായില്ല.

കഞ്ചാവ് പിടികൂടുന്നതിനായി എക്സൈസ്, പൊലീസ് വിഭാഗങ്ങളിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് പരാതി. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്‍റെ പിന്നിലാണ് കഞ്ചാവ് വിൽപന തകൃതിയായി നടക്കുന്നത്.

ഇവിടെ മുമ്പ് പൊലീസ് പരിശോധന ശക്തമായിരുന്നു. സ്കൂൾ വിട്ട് വരുന്ന വിദ്യാർഥികൾ ഇവിടെ തമ്പടിച്ച് കഞ്ചാവ് വാങ്ങുകയും വിൽപന നടത്തുകയും ചെയ്യുന്നത് പതിവായി. കഞ്ചാവ് മാഫിയ വിദ്യാർഥികൾക്കായി വാട്സ്ആപ് ഗ്രൂപ്പുകളുണ്ടാക്കി അതുവഴി സന്ദേശം കൈമാറുകയാണ് ചെയ്യുന്നത്.

സ്കൂളുകളിൽനിന്ന് കഞ്ചാവ് പിടികൂടുന്ന സംഭവവുമുണ്ടായി. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസും എക്സൈസും ചേർന്ന് ബോധവത്കരണം ശക്തമാക്കിയിരുന്നു. മേഖലയിൽ സ്വകാര്യ ആംബുലൻസ് വഴി കഞ്ചാവ് വിൽപന നടക്കുന്നതായുള്ള ആരോപണവുമുയരുന്നുണ്ട്.

Leave A Reply