സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; പിടിച്ചു മാറ്റാൻ ശ്രമിച്ച യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു

കൊല്ലം: സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ എത്തിയയാൽ അടിയേറ്റ് മരിച്ചു. കൊല്ലം ചടയമംഗലത്താണ് ദാരുണ സംഭവം നടന്നത്. കണ്ണംകോട് സ്വദേശി താഹ (48)യാണ് അടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചടയമംഗലം സ്വദേശികളായ രാജീവ്, ഷിജു, പ്രദീപ്‌ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

വൈകീട്ട് ആറരയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കൾ തമ്മിലടിക്കുന്നത് കണ്ട് പിടിച്ച് മാറ്റാൻ ഇടയിൽ കയറിയതാണ് താഹ. അതിനിടയിലാണ് താഹയുടെ തലയ്ക്ക് അടിയേറ്റെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് ഉടനെ കടയ്ക്കൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

രാജീവിന്റെ പിതാവിനെ ഷിജു അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മരിച്ച താഹയുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave A Reply