സിവിൽ സ്റ്റേഷനിലെ വൈദ്യുതി പ്രതിസന്ധി: മന്ത്രിക്ക് നിവേദനം നൽകി

വടകര : സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ വൈദ്യുതി തടസ്സപ്പെടുന്നത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് എഫ്എസ്ഇടിഒ വടകര താലൂക്ക് കമ്മിറ്റി മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകി. സിവിൽ സ്റ്റേഷനിലെ പഴയ ബ്ലോക്കിൽ നിലവിൽ എല്ലാ ഓഫീസുകൾക്കുംകൂടി ഒരു വൈദ്യുതി മീറ്ററാണുള്ളത്. പ്രതിമാസം 20,000 രൂപയിൽ കൂടുതലാണ് ബിൽ തുക. കെട്ടിടത്തിലെ മുഴുവൻ ഓഫീസുകൾക്കുമായി ബിൽ തുക വിഭജിച്ച് നൽകുന്ന രീതിയാണ് നിലവിലുള്ളത്. ഓഫീസുകളിൽ വ്യത്യസ്ത തീയതികളിൽ അലോട്ട്മെന്റ്‌ ലഭിക്കുന്നതിനാൽ വൈദ്യുതി ബിൽ അടയ്ക്കേണ്ട അവസാന തീയതിക്കുള്ളിൽ ബിൽ തുക അടയ്ക്കാൻ കഴിയാത്തതാണ് കണക്‌ഷൻ വിച്ഛേദിക്കുന്നതിന് കാരണമാകുന്നത്.

കൂടാതെ ഏതെങ്കിലും ഒരു ഓഫീസ് ബിൽ തുക അടയ്ക്കാതിരുന്നാൽ മൊത്തത്തിൽ വൈദ്യുതി കണക്‌ഷൻ വിച്ഛേദിക്കുന്നതും പ്രശ്‌നമാണ്‌. ഇത് പരിഹരിക്കുന്നതിനായി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓരോ ഓഫീസിനും പ്രത്യേകം മീറ്റർ സ്ഥാപിക്കണം. ഇതിനായി 21,90,000 രൂപയുടെ എസ്റ്റിമേറ്റ് പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം തയ്യാറാക്കി സർക്കാറിന്‌ സമർപ്പിച്ചിട്ടുണ്ട്. പ്രവൃത്തിക്ക് എത്രയും വേഗം അനുമതി ലഭിക്കുന്നതിനുള്ള ഇടപെടൽ നടത്തണമെന്ന് എഫ്‌എസ്‌ഇടിഒ ആവശ്യപ്പെട്ടു. വടകര താലൂക്ക് സെക്രട്ടറി ടി സജിത്തിന്റെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്.

Leave A Reply